ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരം അറസ്റ്റിലായേക്കും

മുൻ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ പി ചിദംബരത്തെ ഏതു നിമിഷവും അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഐ.എൻ.എക്സ്. മീഡിയ കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരത്തിന്‍റെ അറസ്റ്റ് സാധ്യത പുറത്തുവരുന്നത്.

ഐ.എൻ.എക്സ്. മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് ചിദംബരത്തിന്‍റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. മൂന്നുദിവസത്തേക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന അദ്ദേഹത്തിന്‍റെ അപേക്ഷയും ജസ്റ്റിസ് സുനിൽ ഗൗർ നിരസിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയലാക്കോടെയുള്ളതുമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും എത്ര ഉന്നത പദവിയിലുള്ളവരാണെങ്കിലും കുറ്റക്കാർ പുറത്തുവരേണ്ടതുണ്ടെന്നുമാണു കോടതി പറഞ്ഞത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉരുക്കുമുഷ്ടിയോടെ നേരിടേണ്ടതുണ്ട്. വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണ ഏജൻസികൾക്കു തടയാനാകില്ല. ജാമ്യമനുവദിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.

ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നു ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ സി.ബി.ഐ.യും ഇ.ഡി.യും എതിർത്തിരുന്നു. നേരത്തേ നടത്തിയ ചോദ്യംചെയ്യലുകളിൽ ചിദംബരം തങ്ങളോട് സഹകരിക്കാതെ വഴുതിമാറുകയായിരുന്നുവെന്നാണ് കോടതിയില്‍ അന്വേഷണ ഏജൻസികളുടെ വാദം.

എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഹർജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് രജിസ്ട്രാർ അനുമതി നൽകിയത്. ആറംഗ സി.ബി.ഐ.സംഘം ചൊവ്വാഴ്ച വൈകീട്ട് ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും ആളെ കാണാതെ മടങ്ങുകയായിരുന്നു.ഇന്നലെ വൈകീട്ട് സി.ബി.ഐ. ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അദ്ദേഹം മാറിനിന്നത് അറസ്റ്റ് ഒഴിവാക്കാനാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. എന്നാൽ, അതിനുമുമ്പ് അറസ്റ്റ് ചെയ്യുന്നതിന് സി.ബി.ഐ.ക്ക് തടസ്സമില്ലെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. രാത്രിയോടെ ആദായനികുതിസംഘം ചിദംബരത്തിന്‍റെ വീട്ടിൽ എത്തി പരിശോധന തുടരുകയാണ്.

ചിദംബരത്തിന്‍റെ മകൻ കാർത്തിയെ ഈ കേസിൽ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഐ.എൻ.എക്സ്. മീഡിയ കേസിൽ പത്തുലക്ഷം രൂപയുടെ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് കാർത്തിയെ അറസ്റ്റുചെയ്തത്. അദ്ദേഹത്തിന് ഡൽഹി ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ഐ.എൻ.എക്സ്. മീഡിയ ഡയറക്ടർ ഇന്ദ്രാണി മുഖർജി, ഐ.എൻ.എക്സ്. ന്യൂസിന്റെ അന്നത്തെ ഡയറക്ടർ പീറ്റർ മുഖർജി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

ഒന്നാം യു.പി.എ. സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ൽ ഐ.എൻ.എക്സ്. മീഡിയക്ക് വിദേശത്തുനിന്ന് മുതൽമുടക്കു കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി ലഭിച്ചിരുന്നു. ചട്ടപ്രകാരം ഐ.എൻ.എക്സ്. മീഡിയക്ക് 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കഴിയൂ. എന്നാൽ, ചിദംബരത്തിന്റെ സഹായയോടെ 305 കോടിരൂപയുടെ വിദേശനിക്ഷേപമാണ് കൊണ്ടുവന്നത്. ഇതിനായി ചിദംബരത്തിന്റെ മകൻ കാർത്തി പണം പറ്റിയെന്നും ആദായനികുതി വകുപ്പിന്റെ അന്വേഷണം വന്നപ്പോൾ ചിദംബരം അട്ടിമറിച്ചു എന്നുമാണ് കേസ്.

3,500 കോടി രൂപയുടെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട എയർസെൽ- മാക്സിസ് കേസിലും ചിദംബരവും കാർത്തിയും സി.ബി.ഐ.യുടെയും ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം നേരിടുന്നുണ്ട്. മൗറീഷ്യസ് കേന്ദ്രമായുള്ള എയർസെല്ലിന്‍റെ ഗ്ലോബൽ കമ്യൂണിക്കേഷൻ ഹോൾഡിങ് സർവീസ് ലിമിറ്റഡിന് വിദേശനിക്ഷേപത്തിന് അനുമതി നൽകിയെന്നാണ് കേസ്. മലേഷ്യയിലെ മാക്സിസ് കമ്യൂണിക്കേഷന്റെ അനുബന്ധ സ്ഥാപനമായ ഇവിടെയും കാർത്തി ഇടപെട്ടു എന്നും ചിദംബരം സ്വാധീനമുപയോഗിച്ച് അന്വേഷണം തടഞ്ഞു എന്നുമാണ് ആരോപണം.

2006-ലാണ് ഇത്രയും വലിയതുക വിദേശ നിക്ഷേപമായി സ്വീകരിക്കാൻ എയർസെൽ- മാക്സിസിന് ചിദംബരം അനുമതി നൽകുന്നത്. ധനമന്ത്രിക്ക് നേരിട്ട് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകാനേ അധികാരമുള്ളൂ. അതിനു മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭാ ഉപസമിതിയുടെ അംഗീകാരം വേണം. എന്നാൽ ഇതിനു മുതിരാതെ സ്വന്തം നിലയിൽ തന്നെ അനുമതി നൽകാൻ ചിദംബരം ഗൂഢാലോചന നടത്തി എന്ന കേസും സി.ബി.ഐ. ആരോപിക്കുന്നു.

കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് എയർസെൽ ടെലിവെഞ്ച്വേഴ്‌സ് ലിമിറ്റഡ് എന്ന മാക്സിസിന്റെ സഹായം ലഭിക്കുന്ന കമ്പനിയിൽ നിന്ന് 26 ലക്ഷം രൂപ നിക്ഷേപം കിട്ടിയതായും സി.ബി.ഐ. ആരോപിക്കുന്നു. കാർത്തിയും പി. ചിദംബരത്തിന്റെ മരുമകൻ പളനിയപ്പനും ചേർന്നു നടത്തുന്ന ചെസ് മാനേജ്‌മെന്റ് സർവീസസിന് 90 ലക്ഷം, സോഫ്‌റ്റ്‌വെയർ വാങ്ങാൻ 90 ലക്ഷം എന്നിങ്ങനെ പലരീതിയില്‍ തുകകള്‍ കൈപ്പറ്റിയതായും സി.ബി.ഐ. കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.

Top