കോടികള്‍ പ്രതിഫലം പറ്റുന്ന യുവ നടന്മാര്‍ ദുരിതാശ്വാസത്തിന് എന്ത് നല്‍കിയെന്ന് ഗണേശ് കുമാര്‍; രൂക്ഷ വിമര്‍ശനവുമായി താരം

കോടികള്‍ പ്രതിഫലം പറ്റുന്ന ചില യുവനടന്മാര്‍ പ്രളയത്തിലകപ്പെട്ട കേരള ജനതയ്ക്ക് എന്ത് നല്‍കിയെന്ന ചോദ്യവുമായി നടനും എംഎല്‍എയുമായ ഗണേശ് കുമാര്‍. ആകാശത്തിരുന്ന് അഭിപ്രായം പറയുന്ന ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും ഗണേശ് കുമാര്‍ അഭിപ്രായപ്പെട്ടു. കൊല്ലം കുരിയോട്ടുമല ആദിവാസി കോളനിയില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഇടയില്‍ നന്മ നശിക്കാത്ത, ആളുകളെ നിശബ്ദമായി സഹായിക്കാന്‍ കഴിയുന്ന, നിരവധി പേര്‍ ഇപ്പോഴുമുണ്ട്. സിനിമാക്കാരുടെ കാര്യം തന്നെയെടുക്കാം. കോടികള്‍ പ്രതിഫലം പറ്റുന്ന പല അവന്മാരെയും ദുരിതം വന്നപ്പോള്‍ കാണാനില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി പ്രതിഫലം പറ്റുന്ന ചില യുവനടന്മാരെ കാണാനേയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ അഞ്ചുപൈസ കൊടുത്തിട്ടില്ല. അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കുന്ന ഹാസ്യനടന്മാരെയും കാണാനില്ല. സുരാജ് വെഞ്ഞാറമൂടിനെപ്പോലുള്ള ചില പാവങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാവപ്പെട്ടവരും വിദേശികളായവര്‍ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ ആകാശത്ത് ഇരുന്ന് ഫേസ്ബുക്കിലൂടെ ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ കലാകാരനെന്ന നിലയില്‍ തനിക്ക് പ്രതിഷേധമുണ്ട്. സിംഗപ്പൂര്‍ പൗരനായ ഒരു തമിഴ് വംശജന്‍ കേരളത്തില്‍ വന്നപ്പോള്‍ ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. എന്നാല്‍ ഇവിടെ മലയാളിയുടെ സ്‌നേഹത്തിന്റെ പങ്ക് പറ്റുന്ന ചില നടന്മാര്‍ അഞ്ച് പൈസ പോലും കൊടുത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങളുടെ ഇത്രയും കാലത്തെ വര്‍ത്തമാനമൊക്കെ ഞങ്ങള്‍ സഹിച്ചുവെന്നും കേരളത്തിന് ഒരു ദുരന്തമുണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തുവെന്ന് മലയാളി ഇവരോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top