ബെംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്. പത്രപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ആറ് മാസം ആകുന്ന സമയത്താണ് ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഹിന്ദു യുവസേന എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. സ്വന്തം വസതിക്ക് മുന്നില്‍ വച്ച് കൊലപാതകികള്‍ ഗൗരി വെടിവച്ച് കൊല്ലുകയായിരുന്നു.
കെടി നവീന്‍ കുമാര്‍ (37) അറസ്റ്റിലായത്. കഴിഞ്ഞ മാസം 18ാം തിയ്യതി, അനധികൃതമായി വെടിയുണ്ടകള്‍ കൈവശം വെച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണ സംഘം രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ആദ്യത്തെയാളാണ് നവീന്.
മാണ്ഡ്യയിലെ മാഢൂര്‍ സ്വദേശിയായ നവീനെ വെടിയുണ്ടകള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ഗൗരിയുടെ കൊലപാതകത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായത്. ഹിന്ദുയുവസേന പ്രവര്‍ത്തകനായ നവീനിന് സനാതന്‍ സന്‍സ്ഥയുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
കൊലപാതകത്തില്‍ നവീന് പങ്കുള്ളതായി സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയില്‍ നിന്നുമാണ് പൊലീസിന് വ്യക്തമായത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനായിരുന്നു മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. സ്വന്തം വീടുനരികില്‍ വച്ച് അജ്ഞാതരായവരുടെ വെടിയേറ്റാണ് ഗൗരി കൊല്ലപ്പെട്ടത്. കൊലയാളിയേയും ഒപ്പമുണ്ടായിരുന്നയാളേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
അതേസമയം, സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കൊലപാതകത്തിന് മുമ്പ് ഒരാള്‍ ഗൗരിയുടെ വീടിന്റെ മതില്‍ ചാടിക്കടക്കുകയും പരിശോധന നടത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇയാളുടെ ശരീരഭാഷയുമായി നവീന് സാമ്യമുള്ളതായാണ് പൊലീസ് പറയുന്നത്.
രാജ്യത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിയൊരുക്കിയതായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം. ഗൗരിയുടെ കൊലയ്ക്കുപയോഗിച്ച വെടിയുണ്ടകള്‍ക്ക് കൊല്ലപ്പെട്ട ചിന്തകനും ഗവേഷകനുമായ എംഎം കല്‍ബുര്‍ഗിയെ വധിക്കാനുപയോഗിച്ച വെടിയുണ്ടകളുമായി സാമ്യമുണ്ടായിരുന്നു. രണ്ട് കൊലപതാകത്തിനും ഉപയോഗിച്ചത് 7.65 എംഎം പിസ്റ്റളാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നില്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു അന്വേഷണ റിപ്പോര്‍ട്ടുകളും. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നയാളാണ്. ഇപ്പോഴുണ്ടായ അറസ്റ്റ് കേസില്‍ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.