ഗൗരിയുടെ മരണം; സ്‌കൂളിന് മുന്നില്‍ മരണംവരേ സമരത്തിനൊരുങ്ങി അമ്മ ശാലി

തന്‍റെ മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കുടുംബത്തോടെ സ്കൂളിന് മുന്നില്‍ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി പറഞ്ഞു. ഇളയ മകളെ ആണ്‍കുട്ടികള്‍ക്ക് ഇടയില്‍ ഇരുത്തിയതടക്കമുള്ള ശിക്ഷകളെ ചോദ്യം ചെയ്തതിന് ഇത്ര വലിയ ശിക്ഷ തന്റെ കുടുംബത്തിന് നല്‍കണമായിരുന്നോ എന്നും ശാലി കരഞ്ഞുകൊണ്ടുചോദിച്ചു. ഇളയമകള്‍ ക്ലാസ്സില്‍ സംസാരിച്ചതിനാണ് കടുത്ത ശിക്ഷ നല്‍കിയത്. കുട്ടിക്കത് മാനസികമായി വലിയ വിഷമമുണ്ടാക്കി. തുടര്‍ന്ന് സ്കൂള്‍ വൈസ് പ്രിന്‍സിപ്പാളിനെ സമീപിച്ചു. വീണ്ടും കുട്ടിയെ ശിക്ഷിച്ചപ്പോള്‍ താന്‍ പ്രിന്‍സിപ്പാളിനെ സമീപിച്ചു. മാനേജ്മെന്റ് ക്ഷമയും ചോദിച്ചു. പക്ഷെ തുടര്‍ന്നും തന്റെ മകളെ അധ്യാപിക സിന്ധു മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇളയമകള്‍ക്ക് മാനസിക വിഷമം ഉണ്ടാകാതിരിക്കാനാണ് ഗൌരി ഇടക്കിടെ ആ ക്ലാസിലേക്ക് പോയിരുന്നത്. വീട്ടുകാര്‍ വന്ന് പറഞ്ഞിട്ടും വീണ്ടും അനിയത്തിയെ ശിക്ഷിക്കുന്നത്‌ എന്തിനാണെന്നും അവര്‍ ചോദിച്ചിരുന്നു. ഇതിനാണ് മകളെ മാനസികമായി പീഡിപ്പിച്ചത്. അധ്യാപികയുടെ മാനസികപീഢനത്തെ തുടര്‍ന്ന് ഗൗരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിവരം സ്കൂള്‍ അധികൃതര്‍ വൈകിയാണ് അറിയിച്ചതെന്നും പടിയില്‍ കാല്‍ വഴുതി വീണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും ശാലി പറഞ്ഞു. ഗൗരിയെ രണ്ടു മണിക്കൂര്‍ മുമ്പ് തിരുവനന്തപുരത്ത് എത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഗൗരി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ശാലി പറഞ്ഞു.

Top