കോഴിക്കോട്: സിപിഎമ്മില്‍ ദരിദ്രര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് നേതാക്കന്മാര്‍ സ്വര്‍ണം കട്ടുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കൊള്ളയെല്ലാം തീരുമ്പോള്‍ സമ്പൂര്‍ണ സമ്പന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പരിഹസിച്ചു. ഇവര്‍ വിശ്വാസികളല്ലാത്തതിനാല്‍ ദൈവതുല്യന്‍ എന്നാണ് പാര്‍ട്ടിയിലെ താഴെയുള്ളവര്‍ പറയാറുള്ളത്. പാര്‍ട്ടിയുടെ മുകളിലുള്ളവരാണ് അവരുടെ ദൈവം. അതിനാല്‍ ആ ദൈവത്തെ പിടിക്കട്ടേയെന്ന് സാക്ഷാല്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശയപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍, കള്ളപ്പണവും മറ്റും ഉള്‍പ്പെടുന്ന കേസുകളില്‍ നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വെച്ചത് അടവ് നയമാണ്. ഒരു നടപടികളും സ്വീകരിക്കാതെ, തീര്‍ത്ഥാടനത്തിന് മുന്നൊരുക്കം നടത്താതെയാണ് അദ്ദേഹത്തെ നിയോഗിച്ചത്. അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാര്‍ രക്ഷപ്പെട്ടുവെന്നും അദേഹം പറഞ്ഞു.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തുടര്‍ അറസ്റ്റിലേക്ക് ഉടന്‍ കടക്കാന്‍ എസ്‌ഐടി നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.


