ബലാത്സംഗത്തിന് കാവല്‍ നിന്നത് അക്രമിയുടെ മാതാപിതാക്കള്‍; യുവതിയെ 5 മാസം വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചു 

ഉത്തര്‍പ്രദേശ് : യുവതിയെ യുവാവ് 5 മാസക്കാലം വീട്ടുതടങ്കലിലാക്കി ലൈംഗികമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ക്രൂരമായ ബലാത്സംഗം അരങ്ങേറിയത്. 22 കാരിയാണ് പീഡനത്തിന് ഇരയായത്. പവന്‍ ശിവ് ഹരേ എന്ന യുവാവാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇയാളുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ്. ഇവര്‍ മുംബൈക്ക് യാത്രപോകുമ്പോള്‍ പെണ്‍കുട്ടിയെയും ഒപ്പം കൂട്ടി. എന്നാല്‍ വഴിമധ്യേ ഒരു ഒഴിഞ്ഞ പ്രദേശത്ത് വണ്ടി നിര്‍ത്തി ഒരു വീട്ടിലേക്ക് പെണ്‍കുട്ടിയെ ഇവര്‍ കൊണ്ടുപോയി. അക്രമി പവന്‍ അവിടെയുണ്ടായിരുന്നു. അവിടെ ചായസല്‍ക്കാരത്തിന് ശേഷം ഓരോരുത്തരായി പുറത്തിറങ്ങി.യുവതി വെളിയില്‍ വരാന്‍ തുനിഞ്ഞെങ്കിലും ഇയാള്‍ അവളെ രാസവസ്തു മണപ്പിച്ച് മയക്കി മുറിയിലടച്ചു. ബോധം വരുമ്പോള്‍ കിടക്കയില്‍ നഗ്നയായ നിലയിലായിരുന്നു പെണ്‍കുട്ടി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് യുവതി തിരിച്ചറിഞ്ഞു. കൂടാതെ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പവന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതുവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.ആ വീട്ടില്‍ നിന്ന് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദിവസങ്ങളോളം അവിടെ പീഡനം തുടര്‍ന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ സ്വന്തം വീട്ടിലെത്തിച്ചു. ഇവിടെ വെച്ച് 5 മാസത്തോളം പീഡനം തുടര്‍ന്നു. പവന്റെ രക്ഷിതാക്കളാണ് ബലാത്സംഗത്തിന് കാവല്‍ നിന്നതെന്നും യുവതി വ്യക്തമാക്കുന്നു. ഒരുദിവസം ആരും കാണാതെ പവന്റെ മൊബൈല്‍ കയ്യിലാക്കി യുവതി വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.  പൊലീസിനെ സമീപിച്ചാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും പവനും കുടുംബവും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി കുടുംബത്തോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു.   പവന്‍ ശിവ് ഹരേയ്ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൊഴിയെടുക്കലിന് ശേഷം പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ യുവതി തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top