തിരുവനന്തപുരം: നഗരത്തില്‍ പ്രഭാത സവാരിക്കാരെ വ്യാപകമായി ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം അറസ്റ്റില്‍. പ്രഭാത സവാരിക്കാരനെ ആക്രമിച്ച് മൊബൈല്‍ പിടിച്ച് പറിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്.സുരേഷ് പരുത്തിക്കുഴി (18), ആനന്ദ് അരുവിക്കര (20), മണക്കാട് സ്വദേശികളായ രാഹുല്‍ (19), വിനീത്(19) എന്നിവരാണ് ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായത്. ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച രാത്രി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരത്ത് വച്ച് പാലുകച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശി രമേശിന്റെ (28)മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. ഫോണ്‍ ചെയ്യാനായി രമേശിന്റെ പക്കല്‍ നിന്ന് ചോദിച്ച് വാങ്ങിയ 20,000 രൂപ വിലവരുന്ന ഫോണുമായി നാലംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ച മണക്കാട് ഭാഗത്തും സമാന നിലയില്‍ തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍ കവരാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. ഫോണ്‍ നല്‍കാന്‍കൂട്ടാക്കാതിരുന്ന തമിഴ് യുവാവിന്റെ സൈക്കിള്‍ നിലത്തടിച്ച് ഭീഷണിപ്പെടുത്തിയ സംഘം യുവാവിന്റെ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് പോവുകയായിരുന്നു. രക്ഷപ്പെട്ട് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ യുവാവ് കുറിച്ചെടുത്തശേഷം പൊലീസിന് കൈമാറി. ഈ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.
ഷാഡോ പൊലീസ് സഹായത്തോടെ പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഏതാനും ദിവസം മുമ്പ് പ്രഭാത സവാരിക്കിടെ വഴിയാത്രക്കാരെ അടിച്ച സംഭവവും വെളിപ്പെട്ടത്. എന്നാല്‍, പ്രഭാത സവാരിക്കാരാരും ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന് പൊലീസ് സ്വമേധയാ കേസെടുക്കുമെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും. കരുമം മധുപാലം മുതല്‍ മരുതൂര്‍ക്കടവ് പാലം വരെയുള്ള ഭാഗത്ത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുലര്‍ച്ച നടക്കാനിറങ്ങിയവരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വടികൊണ്ട് അടിച്ചത്. നൂറോളം പേര്‍ക്ക് അടി കൊണ്ടിരുന്നു.