
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി.മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ശ്വാസ കോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തിൽ നിഗമനത്തിലെത്താൻ കഴിയൂവെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്.
മൃതദേഹം ബന്ധുക്കൾ സ്വീകരിക്കുമെനന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. ‘സമാധി’ ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കിൽ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബിൽ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
നെയ്യാറ്റിൻകരയിൽ പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയുടെ മരണം ചർച്ചയായത്.അച്ഛൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കൾ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛൻ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകൻ രാജശേഖരൻ പറഞ്ഞിരുന്നു