തിരുവനന്തപുരം: വീട്ടമ്മമാര്‍ ഇതെങ്ങനെ സഹിക്കും, സീരിയല്‍ കണ്ടിട്ടില്ലെങ്കില്‍ ഉറങ്ങാന്‍ പറ്റുമോ? സര്‍ക്കാര്‍ അതിനും നിയന്ത്രണം കൊണ്ടുവരുന്നു. കുട്ടികളെയും യുവാക്കളെയും സീരിയലുകള്‍ വഴി തെറ്റിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുവേണ്ടി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിക്കണം. സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കി.
നേരത്തെ സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും സീരിയലുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉള്ളടക്കത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഉള്ളതുപോലെ സീരിയലുകള്‍ക്കും വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നത്. സീരിയലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ നിലവില്‍ സര്‍ക്കാരിന് അധികാരമില്ല.
ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷയും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്ന് നേരത്തെ പറഞ്ഞിരുന്നു. സീരിയലുകളിലെ പ്രമേയങ്ങള്‍ വളരെ അപകടം നിറഞ്ഞതാണെന്നും പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.