ന്യുഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അതിശക്തമായി മുന്നോട്ട് പോകുമ്പോൾ കർശനമായി തന്നെ നേരിടാൻ കേന്ദ്രസർക്കാർ നീക്കം. ലക്നൗവിലെയും മറ്റും അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തി.അക്രമം നേരിടാൻ ശക്തമായ നടപടി വേണമെന്ന് സംസ്ഥാനങ്ങളോടു നിർദ്ദേശിച്ചതായി ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു. ദേശീയ പൗരത്വ റജിസ്റ്റർ (എൻആർസി )നടപ്പാക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹിന്ദി, ഉർദു പത്രങ്ങളിലെ പരസ്യങ്ങളിലൂടെ വ്യക്തമാക്കി.നടപ്പാക്കാൻ തീരുമാനമെടുത്താൽതന്നെ ഇന്ത്യൻ പൗരൻമാരെ ബാധിക്കാത്ത രീതിയിലാവും ചട്ടങ്ങളുണ്ടാക്കുകയെന്നും പരസ്യത്തിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതികൾക്കൊപ്പം തന്നെഎൻആർസിയും വരുന്നുവെന്ന തോന്നലാണു പലരെയും തെരുവിലിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
പൗരത്വ നിയമ ഭേദഗതികൾ ജനത്തോടു വിശദീകരിക്കാമെന്നും എൻആർസിയിൽ മെല്ലെപ്പോക്കെന്ന സമീപനം സ്വീകരിക്കാമെന്നുമാണ് ആലോചനയെന്നു സർക്കാർവൃത്തങ്ങൾ പറഞ്ഞു.പ്രതിഷേധം തണുപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നതിനോട് പാർട്ടിക്കും എതിർപ്പില്ല. പൗരത്വ നിയമ ഭേദഗതിയും എൻആർസിയും പാർട്ടി നൽകിയിട്ടുള്ള വാഗ്ദാനങ്ങളാണ്. അതിനാൽ, പിൻവലിയുന്ന പ്രശ്നമില്ലെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞു.
അതേസമയം പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങളുടെ വിജ്ഞാപനം വൈകും. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണിത്. ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍മാണത്തില്‍ വിദഗ്ധരുടെ അഭിപ്രായവും കേന്ദ്രം തേടും. നിയമത്തിന് സുപ്രീം കോടതി സ്റ്റേയില്ലാത്തതിനാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രത്തിന് തടസമില്ല.
എന്നാൽ, രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളതിനാല്‍ കരുതലോടെ നീങ്ങാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ചട്ടങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന ഉപദേശമാണ് ലഭിക്കുന്നതെങ്കിൽ കേസ് ഇനി പരിഗണിക്കുന്ന ജനുവരി 22 ന് ശേഷം ചട്ടങ്ങളുടെ വിജ്ഞാപനം ഉണ്ടാകുവെന്നാണ് സൂചന.
പ്രതിപക്ഷ കൂട്ടായ്മകൾ രൂപീകരിക്കാൻ കോൺഗ്രസ് നീക്കം .ഭരണഘടനയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായുള്ള പ്രതിഷേധങ്ങൾക്കു കൈകോർക്കണമെന്ന് ഇടതു കക്ഷികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് ആവശ്യപ്പെട്ടു.