കനത്തമഴയെ തുടര്‍ന്ന് നിലമ്പൂര്‍ കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ജിപിആർ സംവിധാനം ഉപയോഗിച്ച് ഇന്ന് തെരച്ചിൽ തുടരും. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍നിന്ന് ഇന്നലെ അഞ്ചു മൃതദേഹങ്ങള്‍ കൂടി ലഭിച്ചിരുന്നു. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 38 ആയി. കവളപ്പാറയിലെ ദുരന്തത്തില്‍ അകപ്പെട്ട 30 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 112 ആയി.
ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതിനായി ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘമാണ് കവളപ്പാറയില്‍ എത്തുക. ഇവര്‍ ഉച്ചയോടെ കവളപ്പാറയിലെത്തും. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. മഴ മാറി നിൽക്കുന്നതും തെരച്ചിലിന് സഹായകരമാകുന്നുണ്ട്. ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, വയനാട്ടില്‍ വന്‍ ദുരന്തം ഉണ്ടായ പുത്തുമലയില്‍ നിന്ന് ഇനിയും ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്. ഇവിടെയും റഡാർ എത്തിക്കാനാണ് ശ്രമം. പ്രളയ ദുരന്തത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം 48 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പുത്തുമല ഉള്‍പ്പെടുന്ന വയനാട്ടില്‍ 12 പേരും മരിച്ചു. കോഴിക്കോട് ജില്ലയില്‍ 17 പേരും കണ്ണൂരില്‍ ഒന്‍പതു പേരും മരിച്ചു. തൃശൂരില്‍ ഇന്നലെ മഴക്കെടുതിയില്‍ രണ്ടുപേര്‍ കൂടി മരിച്ചതോടെ ജില്ലയില്‍ ആകെ മരണസംഖ്യ 11 ആയി.
മൃതദേഹങ്ങള്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ പുത്തുമലയില്‍ നേരത്തെ തെരച്ചിലിനായി മൂന്ന് സ്‌നിഫര്‍ നായ്ക്കളെ കൊണ്ടുവന്നെങ്കിലും പ്രയോജനമുണ്ടായില്ല. നായ്ക്കളുടെ കാലുകളും ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.വിവിധ തെരച്ചില്‍ യൂണിറ്റുകളില്‍ നിന്നായി മുന്നൂറോളം പേരായിരുന്നു ഇന്ന് ഉദ്യമത്തില്‍ പങ്കാളികളായത്.
അതേസമയം, ഒരാഴ്ചയിലേറെ സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ അകപ്പെടുത്തിയ മഴയുടെ ശക്തി കുറഞ്ഞു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതനുസരിച്ച് ഈ മാസം 20 വരെ ഒരിടത്തും ജാഗ്രതാ നിര്‍ദേശമില്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് അധികൃതര്‍ പിന്‍വലിച്ചു. ഇന്നലെ ഇടുക്കിയില്‍ മാത്രം യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചാണ് സംസ്ഥാനത്ത് കനത്തമഴയ്ക്ക് കാരണമായത്. ന്യൂനമര്‍ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്കു നീങ്ങിയതോടെയാണ് മഴയുടെ ശക്തി കുറഞ്ഞത്. കാലവര്‍ഷത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട മൊത്തം മഴയുടെ അളവിനെ കഴിഞ്ഞ ദിവസങ്ങളിലെ മഴ മറികടന്നെങ്കിലും ഇടുക്കിയില്‍ 20 ശതമാനത്തിന്‍റെയും വയനാട്ടില്‍ 15 ശതമാനത്തിന്‍റെയും മഴക്കുറവുണ്ട്.