കേരള നിയമസഭയിലെ റക്കോഡുകളുടെ തോഴനായിരുന്നു അന്തരിച്ച കെ.എം.മാണി. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായതിന്റെ റെക്കാര്‍ഡ് കെ.എം.മാണി നേരത്തെ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ചതും (23 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ (12) അംഗമായതും മാണി തന്നെ. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെയും (13 തവണ) ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതിന്റെയും (ഏഴ്) റെക്കോര്‍ഡും മാണിയുടെ പേരിലാണ്.
കേരളത്തില്‍ കൂടുതല്‍ ബജറ്റ് (12) അവതരിപ്പിച്ച ധനമന്ത്രി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം) നിയമവകുപ്പും (20 വര്‍ഷം) കൈകാര്യം ചെയ്ത മന്ത്രി, ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ തുടങ്ങിയ റെക്കോര്‍ഡുകളും മാണിക്കു സ്വന്തം. മാണിയുടെ സ്വന്തം പാലാ മണ്ഡലത്തിന്റെ പേരിലും ഒരു റെക്കോര്‍ഡുണ്ട്: 1964ല്‍ രൂപീകൃതമായശേഷം പാലാ മണ്ഡലത്തില്‍നിന്നു മറ്റാരും നിയമസഭയിലെത്തിയിട്ടില്ല.
‘കുട്ടിയമ്മ ഒന്നാം ഭാര്യയാണെങ്കില്‍ പാലാ രണ്ടാം ഭാര്യയാണ്’ കെ. എം. മണിയുടെ പാലായെക്കുറിച്ചുള്ള വിശേഷണമാണിത്. അങ്ങനയെങ്കില്‍ പാലായ്ക്ക് ഒരു ഭര്‍ത്താവേയുള്ളൂ. അത് കരിങ്ങോഴയ്ക്കല്‍ മാണി മാണി അഥവാ കെ.എം മാണിയാണ്. പാലാ നിയോജക മണ്ഡലം രൂപീകൃതമായ അന്നുമുതല്‍ ഇന്നുവരെ പാലായ്ക്ക് ഒരു പ്രതിനിധിയേയുള്ളൂ. ഒരു എം.എല്‍.എ മാത്രമേയുള്ളൂ. അത് പാലായുടെ സ്വന്തം മാണി സാര്‍ തന്നെ.
മറ്റാരേയും പാലാക്കാര്‍ ഇതുവരെ ഇവിടെ നിന്ന് ജയിപ്പിച്ചിട്ടില്ല. അതാണ് പാലായും മാണിയും തമ്മിലുള്ള ബന്ധം. വിവാദങ്ങള്‍ പലത് വന്നുപോയി. രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞുവീശി. പക്ഷേ പാലായുടെ മനസ്സ് മാണിക്കൊപ്പം അടിയുറച്ച് നിന്നു. ബാര്‍കോഴ വിവാദം അലയടിച്ചിട്ടും 2016 ലും മാണിസാര്‍ ജയിച്ചു.
ഒരു മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എം.എല്‍.എയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തം. കേരളമാകെ ഇടതുകാറ്റ് ആഞ്ഞു വീശിയിട്ടും പാലയില്‍ മാണി കുലുങ്ങിയില്ല.