അപ്രതീക്ഷിതമായി നമ്മള്‍ അകപ്പെടുന്ന പല കെണികളും ജീവിതത്തിലുണ്ട്. എന്നാല്‍ ഈ ഏഴുവയസുകാരി അകപ്പെട്ടത് വല്ലാത്തൊരു പ്രശ്‌നത്തിലാണ്. അബദ്ധത്തില്‍ അയല്‍വാസിയുടെ ശുചിമുറിയില്‍ കുടുങ്ങിയ അവള്‍ അഞ്ചു ദിവസം ജീവിതം തള്ളിനീക്കിയത് വെറും വെള്ളം മാത്രം കുടിച്ചാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവളുടെ നില മെച്ചപ്പെട്ട് വരുന്നുണ്ടെങ്കിലും മനസ്സിനേറ്റ ആഘാതം ഇനിയും മാറിയിട്ടില്ല.
തെലങ്കാനയിലാണ് സംഭവം നടന്നത്. തൊട്ടടുത്തുള്ള ഫ്ളാറ്റിലെ താമസക്കാരിയായ പെണ്‍കുട്ടി വീടിനു മുകളില്‍ നിന്ന് കളിക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ശുചിമുറിയുടെ ചുമരിലെ വിടവ് പ്ലാസ്റ്റിക്ക് നെറ്റുകൊണ്ടാണ് അടച്ചിരുന്നത്. അതിലൂടെ തെന്നിയാണ് അഖില എന്ന രണ്ടാം ക്ലാസുകാരി ടെറസില്‍ നിന്നും ശുചിമുറിയിലേക്ക് വീണത്.
ശുചിമുറിയില്‍ തുണി വിരിച്ചിടാന്‍ ഉപയോഗിക്കുന്ന അയയിലേക്കാണ് പെണ്‍കുട്ടി വീണത്. അതിനാല്‍ പരുക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. അതേസമയം ആ വീടിന്റെ ഉടമസ്ഥന്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റൊരു സ്ഥലത്തേക്ക് പോയിരിക്കുകയായിരുന്നു. ശുചിമുറിയും ചേര്‍ത്ത് അടച്ചിരുന്നതിനാല്‍ അഖിലയ്ക്ക് രക്ഷപെടാന്‍ സാധിച്ചില്ല.
അവള്‍ ഉറക്കെ നിലവിളിച്ചെങ്കിലും ശബ്ദം പുറത്തു കേട്ടില്ല. വിശന്നു വലഞ്ഞ പെണ്‍കുട്ടി ശുചിമുറിയിലെ ടാപ്പില്‍ നിന്ന് വെള്ളം കുടിച്ചാണ് അഞ്ചു ദിവസം ജീവിച്ചത്. വിവാഹം കഴിഞ്ഞു തിരികെയെത്തിയ ഉടമസ്ഥന്‍ ശുചിമുറി തുറന്നുനോക്കിയപ്പോഴാണ് ഭയന്ന് വിറച്ച് അവശയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്.
ഉടന്‍തന്നെ മാതാപിതാക്കളെ വിളിച്ചു കുട്ടിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണ് അഖിലയിപ്പോള്‍. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പിറ്റേന്ന് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ക്കും പെണ്‍കുട്ടിയെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിരുന്നില്ല.