ഗതാഗതക്കുരുക്കഴിക്കാന്‍ വിചിത്ര നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍; ഒരാള്‍ക്ക് ഒരു വാഹനംമാത്രം

അഹമ്മദാബാദ്: വാഹനപ്പെരുപ്പംകാരണം ഗതാഗതക്കുരുക്കിലായ ഗുജറാത്തിനെ രക്ഷിക്കാന്‍ വിചിത്ര നിയമവുമായി സര്‍ക്കാര്‍. വാഹനപ്പെരുപ്പത്തിന് കടിഞ്ഞാണിടാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി ഒരു വ്യക്തിക്ക് ഒരു വാഹനം മാത്രം എന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഒരാളുടെ പേരില്‍ ഒന്നിലേറെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയാനാണ് നിലവില്‍ നീക്കം. നഗരങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്, പാര്‍ക്കിങ് പ്രശ്‌നം തുടങ്ങിയവ പരിഹരിക്കാനുള്ള നടപടികളിലൊന്നാണ് ഇത്. അഹമ്മദാബാദ് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയാത്തതിന് കഴിഞ്ഞദിവസം ഗുജറാത്ത് ഹൈക്കോടതി പോലീസ് കമ്മിഷണറെ ശാസിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിനാകെ ബാധകമാം വിധം വാഹനയുടമകളെ നിയന്ത്രിക്കാന്‍ ആലോചിക്കുന്നത്. ഒന്നിലേറെ വാഹനങ്ങളുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍.ടി.ഒ. മാര്‍ക്ക് ഉത്തരവ് നല്‍കി. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ വിവരങ്ങളും എടുക്കുന്നുണ്ട്. ഇത്തരം സ്വകാര്യ വാഹനങ്ങള്‍ നിരോധിക്കുന്നതും പരിഗണനയിലുണ്ട്.

നിലവിലെ റോഡ് സുരക്ഷാനിയമപ്രകാരം ഉത്തരവിറക്കിയാലും ഈ രണ്ട് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും. റോഡിലെ വാഹനസാന്ദ്രത കുറയ്ക്കല്‍, സുരക്ഷിതത്വം, നിരത്തുകളുടെ നിലനില്‍പ്പ് എന്നിവ ലക്ഷ്യമിട്ട് പൗരന് ഒന്നിലേറെ വാഹനം വാങ്ങുന്നതിനെ സര്‍ക്കാരിന് നിയന്ത്രിക്കാമെന്ന് നിയമം നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശം നടപ്പാക്കുന്നതിനോടുള്ള സമൂഹത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയിക്കാന്‍ ആര്‍.ടി.ഒ. മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരങ്ങളില്‍ മിക്ക ഹൗസിങ് സൊസൈറ്റികളിലും ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യമില്ല. വാഹനങ്ങള്‍ കൂടുന്നതോടെ പുറത്ത് റോഡുകളില്‍ പാര്‍ക്കിങ് നടത്തുന്നത് കുരുക്കിന് കാരണമാകുന്നു. അഹമ്മദാബാദിലെ പ്രമുഖ മാളുകള്‍ നിയമവിരുദ്ധമായി പാര്‍ക്കിങ് ഫീസ് ഈടാക്കിയത് കഴിഞ്ഞദിവസം പോലീസ് തടഞ്ഞു. ഫീസ് ഒഴിവാക്കാന്‍ പലരും വാഹനങ്ങള്‍ പരിസരത്തെ റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് പതിവായിരുന്നു.

Top