ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷ : ജഡ്ജി ഹെലികോപ്ടര്‍ മാര്‍ഗം കോടതിയില്‍ എത്തി

റോഹ്തക്: മാനഭംഗക്കേസില്‍ ദേരാ സച്ചാ സൗദി തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നതിനായി ജഡ്ജി റോഹ്തക്കിലെത്തി. ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടര്‍ മാര്‍ഗമാണ് റോഹ്തക്കിലെ പ്രത്യേക സിബിഐ കോടതിയില്‍ എത്തിച്ചത്.കോടതിയും പരിസരവും കനത്ത സുരക്ഷ വലയത്തിലാണ്. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു ചുറ്റും 3,000 അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം റോഹ്തക്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍കുമാര്‍ അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ഇന്ന് മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു.പൊലീസും അര്‍ധസൈനികരുമാണ് സുരക്ഷയുടെ ഭാഗമായി റോഹ്തക്കിലുള്ളത്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോത്തക്കിലേക്കെത്തുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് അറിയിച്ചു. റോഹ്തക്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.റോത്തക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാന്‍ സാധ്യതയുള്ള ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കി. ഡല്‍ഹി – റോത്തക് – ഭട്ടിന്‍ഡ മേഖലയില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി.

Top