ഗുര്‍മീതിന് 20 വര്‍ഷം കഠിനതടവ്, 30 ലക്ഷം പിഴ; കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

റോഹ്തക്: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന് 20 വര്‍ഷം തടവ്.  മൂന്ന് വ്യത്യസ്ത കേസുകളിലായി 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.  ഗുർമീത് റാം റഹീം സിങിന് സാധാരണ തടവുകാരന് ലഭിക്കുന്ന പരിഗണന മാത്രമേ കൊടുക്കാവൂ എന്നും  പ്രത്യേക സൗകര്യങ്ങളോ സഹായിയെയോ നൽകരുതെന്നും സി.ബി.ഐ കോടതി വിധിയിൽ വ്യക്തമാക്കുന്നു.  സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി  ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ വെച്ച് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്. ജയിലിലെ വായനാമുറിയാണ് പ്രത്യേക കോടതിയാക്കിയത്. പഞ്ച്കുളയില്‍നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ജഗ്ദീപ് സിങ് റോത്തക്കിലെത്തിയത്.

വിധി പ്രസ്താവത്തിന് ശേഷം കോടതി മുറി വിടാന്‍ ഗുര്‍മീത് തയ്യാറായില്ല. ജയിലിനുള്ളിൽ പ്രത്യേകം തയാറാക്കിയ കോടതിമുറിയിൽനിന്നും വീണ്ടും ജയിലിലേക്കു മാറ്റാനുള്ള പൊലീസിന്റെ ശ്രമം ഇയാൾ തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ, ബലം പ്രയോഗിക്കേണ്ടി വരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. തുടർന്ന് നിലത്തിരുന്ന ഗുർമീതിനെ ഉദ്യോഗസ്ഥർ വലിച്ചഴച്ചാണ് സെല്ലിലേക്ക് നീക്കിയത്. വിധിക്കെതിരെ ഗുര്‍മീത് ഹൈക്കോടതിയെ സമീപിക്കും.

പത്ത് വര്‍ഷം കഠിന തടവ് കുറഞ്ഞ് പോയെന്നും. പരമാവധി ശിക്ഷ ലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും പീഡനത്തിന് ഇരയായ യുവതി വ്യക്തമാക്കി.

അന്തിമ വാദത്തിന് ഇരുവിഭാഗങ്ങള്‍ക്കും കോടതി പത്ത് മിനുറ്റ് വീതം അനുവദിച്ചിരുന്നു. ഗുര്‍മീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയിലെ സംഭവാനകള്‍, ജനങ്ങള്‍ക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് മുന്‍പ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ജയില്‍ മാറ്റം വേണമെന്നും ഗുര്‍മീതിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ഗുർമീതിന്റെ ഇരകളായി മറ്റു 45 പേർകൂടിയുണ്ടെന്നും ഭയത്താൽ അവരാരും മുന്നോട്ടുവരാൻ തയാറായിട്ടില്ലെന്നും മൂന്നു വർഷത്തോളമാണ് ഇവർ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പ് തരണമെന്ന് അദ്ദേഹം കോടതിയോട് കരഞ്ഞു കൊണ്ട് അപേക്ഷിച്ചിരുന്നു.

ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്. വിധിപ്രസ്താവം കഴിഞ്ഞ് ജഡ്ജിയും അഭിഭാഷകരും കോടതി വിട്ടു.

അതേസമയം, പഞ്ചാബിലെ സംഗ്രൂരില്‍നിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകള്‍ എത്തുന്നതുകണ്ടാല്‍ വെടിവച്ചുവീഴ്ത്തുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റോത്തക്കിലേക്കെത്തുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും എത്തുന്ന ജനങ്ങളെ കര്‍ശന പരിശോധനയ്ക്കുശേഷം തിരിച്ചയയ്ക്കുകയാണ്. നാല് അഞ്ച് പേരില്‍ക്കൂടുതല്‍ കൂട്ടംകൂടിനില്‍ക്കുന്നത് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കോടതി വിധിക്കു മുന്നോടിയായി ഡല്‍ഹിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളില്‍ ഞായര്‍ രാത്രി ഡല്‍ഹി പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം ഇന്ന് മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു.

ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാന്‍ സുരക്ഷാ സേനാംഗങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങള്‍ നിലയുറപ്പിച്ചു.

സൈനിക, അര്‍ധസൈനിക വിഭാഗങ്ങളും പൊലീസും ഉള്‍പ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണു ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അര്‍ധസൈനിക സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണു റോത്തക് ജയില്‍ പരിസരം. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്തു സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നു റോത്തക് ഡപ്യൂട്ടി കമ്മിഷണര്‍ അതുല്‍കുമാര്‍ മുന്നറിയിപ്പു നല്‍കി.

റോത്തക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാന്‍ സാധ്യതയുള്ള ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കി. ഡല്‍ഹി – റോത്തക് – ഭട്ടിന്‍ഡ മേഖലയില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി.

ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30 വരെ റദ്ദാക്കി. കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ ഇതുവരെ 552 പേര്‍ അറസ്റ്റിലായി. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച് അര ലക്ഷത്തോളം അനുയായികള്‍ സിര്‍സയില്‍ ദേര ആസ്ഥാനത്തു തുടരുകയാണ്. സിര്‍സയിലും പരിസരപ്രദേശങ്ങളിലും സൈന്യം ഇന്നലെ ഫ്‌ലാഗ് മാര്‍ച്ച് നടത്തി

Top