അപരനെ അംഗീകരിക്കലാണ് അസഹിഷ്ണുത ഒഴിവാക്കാനുള്ള വഴി.പാരസ്പര്യവും മതസൗഹാര്‍ദവുമാണ് നമ്മുടെ മുതല്‍ക്കൂട്ട് ഹാമിദ് അന്‍സാരി

മലപ്പുറം: സഹിഷ്ണുതയെക്കാൾ പരസ്പരമുള്ള അംഗീകാരവും അപരന്‍റെ ആശയങ്ങൾ അംഗീകരിക്കലുമാണ് അസഹിഷ്ണുത ഒഴിവാക്കാനുള്ള വഴിയെന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി. ഇന്ത്യയുടെ ഭരണഘടന ഉദ്ഘോഷിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും പരസ്പരമുള്ള സഹകരണവും എങ്ങനെ ആയിരിക്കണമെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്ക് കടന്നുവന്ന മതങ്ങളെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് രാജ്യത്തിന്‍റെ മതേതര ചരിത്രം. പാരസ്പര്യവും മതസൗഹാർദവുമാണ് നമ്മുടെ മുതൽക്കൂട്ടെന്നും ഹാമിദ് അൻസാരി പറഞ്ഞു. പാണക്കാട്ട് തങ്ങൾ കുടുംബം സംഘടിപ്പിച്ച വാർഷിക മതമൈത്രി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

ആഗോള സമാധാനത്തിലും മതസൗഹാർദത്തിനും ഇന്ത്യ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇന്ത്യ വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും വൈജാത്യങ്ങളുടെയും വലിയ കുടുംബമാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ മതങ്ങൾക്കും വിശ്വാസത്തിനും തുല്യ പ്രാധാന്യമാണുള്ളത്. പൊതുജീവിതത്തിൽ മനോഭാവങ്ങളല്ല നിലനിൽക്കേണ്ടത്. സഹിഷ്ണുതയും അപരന്‍റെ വിശ്വാസത്തെ അംഗീകരിക്കലും മാത്രമല്ല, സ്ഥാപനങ്ങൾ തമ്മിലുള്ള പരസ്പര ചർച്ചകളും ഈ കാലഘട്ടം ആവശ്യപ്പെടുന്നതായി ഹാമിദ് അൻസാരി പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹിഷ്ണുതയുടെ രാഷ്ട്രീയം എന്ന സെമിനാറിൽ ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി. ഭരണകൂടത്തിന്‍റെ പ്രതിനിധികൾ തന്നെ അസഹിഷ്ണുതയെ പിന്താങ്ങുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും ഇത് ചരിത്രത്തിന്‍റെ പരാജയമാണെന്നും തരൂർ വ്യക്തമാക്കി.

Top