ജമന്തി തേങ്ങലോടെ പറഞ്ഞു.അവനെ കൊല്ലണം,ചന്ദ്രബോസ് കൊലക്കേസ് വിധിയില്‍ തൃപ്തരാകാതെ കുടുംബം.

തൃശൂര്‍: 'അവന്റെ പൈസയൊന്നും ഞങ്ങള്‍ക്കു വേണ്ട. വിധിക്കേണ്ടതു വധശിക്ഷയാണ്. ചന്ദ്രബോസേട്ടനു നീതി കിട്ടിയിട്ടില്ല'- മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി വിതുമ്പുകയായിരുന്നു. അതിക്രൂരനായ മുഹമ്മദ് നിസാമിന് വധശിക്ഷ ലഭിക്കണമന്നായിരുന്നു ജമന്തിയുടെയും കുടുംബത്തിന്റെയും ആഗ്രഹം. എന്നാല്‍, അത് സാധിക്കാത്തതിലുള്ള രോഷവും സങ്കടവും ജമന്തിയുടെ പ്രതികരണത്തില്‍ പ്രതിഫലിച്ചു.അതുകൊണ്ട് തന്നെ രോഷവും സങ്കടവും അടക്കാനാകാതെ വികാരഭരിതയായാണ് ജമന്തി പൊട്ടിത്തെറിച്ചത്. നഷ്ടമായ തന്റെ ഭര്‍ത്താവിനു പകരമായി എത്ര പണം തന്നിട്ടും എന്തു കാര്യമാണുള്ളത്.


 'ജയിലില്‍ ഒരുകൊല്ലം കിടന്നിട്ട് അവനു വല്ല കുഴപ്പവുമുണ്ടോ? എത്ര കൊല്ലം കിടന്നാലും അവന്‍ വീട്ടില്‍ ജീവിക്കുന്നതു പോലെ കഴിയും; അവന്‍ അവിടെ കിടന്നു മരിച്ചു കണ്ടാല്‍ മാത്രമാണ് ആശ്വാസ'മെന്നും കോടതി വിധിയെക്കുറിച്ചു ജമന്തി പറഞ്ഞു. അവന്റെ രക്തപ്പണമൊന്നും തങ്ങള്‍ക്ക് വേണ്ടെന്നും അതിന് ആഗ്രഹിമില്ലെന്നും ജമന്തി പറഞ്ഞു.


വെറുമൊരു അപകടമരണമാണെങ്കില്‍ ഈ ശിക്ഷയില്‍ തൃപ്തരാകാമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിധിയില്‍ പൂര്‍ണ്ണ തൃപ്തരല്ല. കാറുകൊണ്ട് ഇടിച്ചിട്ട ശേഷവും ബോസേട്ടനെ വലിച്ചിഴച്ചുകൊണ്ട് പോയില്ലോ? ഇത് എങ്ങനെ പൊറുക്കാനാവും. 'പോയത് എന്റെ മകനാണ്. എത്ര പണം കിട്ടിയാല്‍ അതിനു പകരമാകും'- കണ്ഠമിടറി നിറകണ്ണുകളോടെ ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷിയും പ്രതികരിച്ചു. വിധിയില്‍ തൃപ്തരല്ലെന്നും എന്റെ മകന് പകരമാകില്ലല്ലോ ഒന്നുമെന്ന് വിതുമ്പലടക്കാന്‍ പാടുപെട്ടുകൊണ്ട് ചന്ദ്രബോസിന്റെ അമ്മ പറഞ്ഞു.


ചന്ദ്രബോസ് കൊലക്കേസിന്റെ വിധി പറയുന്നത് കേള്‍ക്കാന്‍ അമ്മ അംബുജാക്ഷി, ഭാര്യ ജമന്തി, മകന്‍ അമല്‍ എന്നിവരും മറ്റ് ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. വിചാരണയുടെ ഓരോ ഘട്ടത്തിലും ഇവര്‍ കോടതിയില്‍ എത്തിയിരുന്നു. പണക്കൊഴുപ്പുള്ള മുതലാളിക്ക് മുമ്പില്‍ നിയമം വഴിമാറരുത് എന്നതായിരുന്നു ഇവരുടെ ആഗ്രഹം. പ്രോസിക്യൂട്ടര്‍ ഉദയ ഭാനുവില്‍ വിശ്വാസമര്‍പ്പിച്ചാണ് അവര്‍ കഴിഞ്ഞത്. മക്കള്‍ക്ക് അച്ഛനെ ഇല്ലാതാക്കിയ ക്രൂരന് വധശിക്ഷ എന്നായിരുന്നു ജമന്തിയുടെ ആഗ്രഹം. അത് സാധിക്കാതെ വന്നതോടെയാണ് ജമന്തി സങ്കടം അടക്കാന്‍ സാധിക്കാതെ പ്രതികരിച്ചത്.പല പ്രലോഭനങ്ങളും വേണ്ടെന്ന് വച്ചാണ് ജമന്തിയും കുടുംബവും നിസാമിനെതിരെ നിയമയുദ്ധത്തിനിറങ്ങിയത്. കോടികളുടെ പ്രലോഭനങ്ങള്‍ തേടിയെത്തി. കോടിശ്വരരാകാനുള്ള സാധ്യതയെല്ലാം ഉപേക്ഷിച്ചാണ് ഭര്‍ത്താവിനെ കൊന്നവര്‍ക്കെതിരെ നിലപാട് എടുത്തത്. 18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ച് ചന്ദ്രബോസ് പിരിഞ്ഞു പോകുമ്പോള്‍ ജമന്തി തനിച്ചായി, ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രാരാബ്ധം മുഴുവന്‍ ചുമലിലേറ്റാന്‍.nisam_13



ചന്ദ്രബോസിന്റെ അയല്‍ക്കാരിയായിരുന്നു ജമന്തി. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്. മക്കള്‍ രേവതിയും അമല്‍ദേവും വളര്‍ന്നു തുടങ്ങിയപ്പോള്‍ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. എന്നാല്‍ ഇതൊന്നും ഭര്‍ത്താവിന്റെ കൊലയാളിക്ക് വേണ്ടി മൗനം ദീക്ഷിക്കാന്‍ ജമന്തിയെ പ്രേരിപ്പിച്ചില്ല. നീതിയാണ് പ്രധാനം കാശല്ല വേണ്ടതെന്ന് ജമന്തി ഉറച്ച നിലപാട് എടുത്തോടെ നിസാമിന്റെ മോഹവും പൊലിഞ്ഞു. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.

എല്ലാ അവസാനിപ്പിക്കാമെന്ന ഒറ്റവാക്കിലൂടെ എല്ലാം നേടാമായിരുന്നു ജമന്തിക്ക്. എന്നാല്‍ ഭര്‍ത്താവിനോട് നീതി പുലര്‍ത്തുകയായിരുന്നു ഈ വിധവയുടെ ജീവത ദൗത്യം. അതുകൊണ്ട് തന്നെ ഓഫറുകള്‍ക്ക് മുഖം തിരിച്ചു. അന്വേഷണം വഴി തെറ്റിയപ്പോഴെല്ലാം തുറന്നു പറഞ്ഞു. പ്രോസിക്യൂട്ടറായി ഉദയഭാനു തന്നെ വേണമെന്ന് നിര്‍ബന്ധവും പിടിച്ചു. അങ്ങനെ നിശ്ചയദാര്‍ഡ്യത്തിലൂടെ ജമന്ത്രി നേടിയെുടത്തതാണ് നിസാമിനെതിരായ കോടതിയുടെ കണ്ടെത്തലുകള്‍. ചന്ദബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഭാര്യ ജമന്തി പറഞ്ഞത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു.മകള്‍ എഞ്ചിനീയര്‍ ആയി കാണണം എന്നായിരുന്നു ചന്ദ്രബോസിന്റെ ആഗ്രഹം. ആ മോഹം മനസില്‍ സൂക്ഷിച്ച് ഏറെ കഷ്ടപ്പെട്ടാണ് ജമന്തി ജീവിക്കുന്നത്. പലരുടെയും സഹായത്തോടെ മകള്‍ കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജില്‍ ബി.ടെക്കിനു പഠിക്കുകയാണ്. എന്‍ജിനീയറിങ്ങിനു പഠിക്കുന്ന മകള്‍ക്കു പഠനം തുടരാനാകുമോയെന്നു നിശ്ചയമില്ലായിരുന്നു. എന്നാല്‍, ഭര്‍ത്താവിനെ കൊലപ്പെടുത്തിയവന്റെ പണം വാങ്ങേണ്ട എന്ന ധീരമായ തീരുമാനം എടുത്തുകൊണ്ടാണ് ഈ വിധിയില്‍ അതൃപ്തയായത്. 
Top