സ്വന്തം മക്കളെ മറയാക്കി ഭാര്യയുടെ അനിയത്തിയുമായി അടുത്തു :നഷ്ടപ്പെടുമെന്നമായപ്പോൾ തർക്കത്തിനിടയിൽ മുഖത്തടിച്ച് വീഴ്ത്തി കൊലപ്പെടുത്തി ;ചേർത്തലയിലെ അരുംകൊലപാതകം കേരളക്കരയെ ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ

ആലപ്പുഴ : കടക്കരപ്പള്ളിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരീഭർത്താവും യുവതിയും തമ്മിലുണ്ടായ തർക്കത്തിനിടയിൽ യുവതിയെ മുഖത്തടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായ കടക്കരപ്പള്ളി അഞ്ചാം വാർഡിൽ പുത്തൻകാട്ടിൽ രതീഷ് (ഉണ്ണി 35)യെ പൊലീസ് പിടികൂടി.കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ തളിശ്ശേരിതറ ഉല്ലാസ് സുവർണ ദമ്പതികളുടെ മകളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്‌സുമായ ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്.

ഹരികൃഷ്ണയുടെ ജ്യേഷ്ഠസഹോദരി നീതുവിന്റെ ഭർത്താവാണ് രതീഷ്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.കൊലപാതകത്തിന് ശേഷം ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ രതീഷ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ പിടിയിലായി. ഇയാൾ കൊലപാതകക്കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികെയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല.

ഏഴും ഒൻപതു മാസവും പ്രായമുള്ള മക്കൾ രതീഷിന്റെ കുടുംബവീട്ടിലുമായിരുന്നു. പ്രണയത്തിലായിരുന്ന രതീഷും ഹരികൃഷ്ണയും തമ്മിൽ അരുതാത്ത ബന്ധങ്ങൾ നേരത്തേ മുതലുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ വീട്ടിലെത്തിയ ഹരികൃഷ്ണയും രതീഷും ഹരികൃഷ്ണയുടെ മറ്റൊരു ബന്ധത്തെ ചൊല്ലി വഴക്കുണ്ടായി.

തർക്കത്തിനിടെ രതീഷിന്റെ അടി മുഖത്തേറ്റ് ഹരികൃഷ്ണ തലയടിച്ച് നിലത്തുവീണു. പിന്നീട് വിരലുകൊണ്ട് മൂക്കമർത്തി രതീഷ് മരണം ഉറപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയ ശേഷം രതീഷ് മുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടര കഴിഞ്ഞിട്ടും ഹരികൃഷ്ണ വീട്ടിലെത്താതായതോടെയാണ് ബന്ധുക്കൾ അന്വേഷണം നടത്തിയത്. ഇതേതുടർന്ന് രതീഷിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല.

ഇതോടെ മകളെ കാണാനില്ലെന്ന് ശനിയാഴ്ച പുലർച്ചെയോടെ മാതാപിതാക്കൾ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ രതീഷിന്റെ അടച്ചിട്ടിരുന്ന വീടു തുറന്നതോടെയാണ് ഹരികൃഷ്ണയെ കിടപ്പുമുറിയോടു ചേർന്ന മുറിയിൽ തറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഹരികൃഷ്ണയുടെ ചുണ്ടിൽ ചെറിയ മുറിവും തലയ്ക്ക് പിന്നിൽ ക്ഷതവുമുണ്ടായിരുന്നു. ചെരുപ്പുധരിച്ച നിലയിലുള്ള മൃതദേഹത്തിന്റെ വസ്ത്രത്തിലും ശരീരത്തിന്റെ പലഭാഗത്തു മണൽ പുരണ്ടിരുന്നതായി കണ്ടെത്തി.

നീതുവിന്റെയും രതീഷിന്റെയും കുട്ടികളെ നോക്കാനായി ഹരികൃഷ്ണ മിക്കപ്പോഴും ഈ വീട്ടിലെത്തിയിരുന്നു. അതിനാൽ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആർക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ സംഭവദിവസം മക്കളെ സ്വന്തം തറവാട്ട് വീട്ടിലേക്ക് രതീഷ് മാറ്റിയിരുന്നു.

ആശുപത്രിയിലെ ജോലികഴിഞ്ഞ് ബസിൽ ചേർത്തലയിൽ എത്തുന്ന ഹരികൃഷ്ണയെ പലപ്പോഴും രതീഷായിരുന്നു സ്‌കൂട്ടറിൽ വീട്ടിലെത്തിച്ചിരുന്നത്. രതീഷിന്റെ വീട്ടിൽ നിന്നും ഒരുകിലോമീറ്റർ മാത്രം അകലെയാണ് ഹരികൃഷ്ണയും അച്ഛനും അമ്മയും താമസിക്കുന്ന വീട്. ഹരികൃഷ്ണയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് പരിശോധനക്കശേഷം പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും.

Top