
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യയുടെ നോമിനിയാകും. മേയ് 22ന് നടക്കുന്ന എക്‌സിക്യുട്ടീവ് ബോര്‍ഡ് മീറ്റിംഗില്‍ കേന്ദ്ര മന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനം മുഴുവന്‍ സമയ സ്ഥാനമല്ല. ഔപചാരികതയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ഒരു ചടങ്ങാണ് തിരഞ്ഞെടുപ്പ്.
ഇത് ഒരു മുഴുവൻ സമയ നിയമനമല്ല. പക്ഷേ, എക്സിക്യുട്ടിവ് ബോർഡിന്റെ ദ്വൈവാർഷിക യോഗങ്ങളിൽ ഹർഷ വർധൻ അധ്യക്ഷനായിരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.മെയ് മാസം മുതൽ ആരംഭിക്കുന്ന മൂന്ന് വർഷ കാലാവധിയിലേക്കുള്ള എക്സിക്യുട്ടിവ് ബോർഡിൽ ന്യൂഡൽഹി തിരഞ്ഞെടുക്കപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഗ്രൂപ്പ് കഴിഞ്ഞവർഷം ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഒന്നാം വർഷത്തിൽ ന്യൂഡൽഹിയുടെ നോമിനി എക്സിക്യുട്ടിവ് ബോർഡ് ചെയർമാൻ ആകുമെന്നും നിശ്ചയിച്ചിരുന്നു. ഒരു വർഷത്തേക്കാണ് ചെയർമാൻ സ്ഥാനം.ഇന്ത്യയുടെ നോമിനിയെ എക്സിക്യുട്ടിവ് ബോർഡിൽ നിയമിക്കാനുള്ള നിർദ്ദേശത്തിൽ ലോകാരോഗ്യ അസംബ്ലിയിലെ 194 രാജ്യങ്ങൾ ചൊവ്വാഴ്ച ഒപ്പുവെച്ചു.
അതേസമയം, ചൈനയുമായുള്ള മത്സരം കടുക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് പുനരാരംഭിക്കാന്‍ അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാഗികമായി ധനസഹായം നല്‍കാനാണ് തീരുമാനം. ചൈനീസ് ഫണ്ടിംഗ് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ തീരുമാനം. ചൈന എത്രയാണോ നല്‍കുന്നത്, അത്രയും തുക യുഎസ്സും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചൈനീസ് പക്ഷപാതിത്വം ആരോപിച്ച് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് അവസാനിപ്പിച്ചിരുന്നു. തെറ്റായ വിവരങ്ങളാണ് യുഎസിന് നല്‍കിയതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ചൈന ഇക്കാര്യം നിഷേധിച്ചിരുന്നു.