ചാലക്കുടി: ദാമ്പത്യ ജീവിതം മനോഹരമാക്കാന്‍ ധ്യാനം നടത്തിയിരുന്ന ദമ്പതികള്‍ തമ്മില്‍ തല്ലി പോലീസ് കേസായി. മാരിയോ ജോസഫിന് എതിരെ ഭാര്യ ജിജി അതിക്രമത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ചാലക്കുടി പൊലീസ് ജിജി മാരിയോയുടെ പരാതിയില്‍ കേസെടുത്തു.
പ്രൊഫഷണല്‍ പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ 9 മാസമായി അകന്നുജീവിക്കുകയായിരുന്നു ഭാര്യാ ഭര്‍ത്താക്കന്മാരായ പരാതിക്കാരിയും ഭര്‍ത്താവും. കുടുംബപ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി കഴിഞ്ഞ മാസം 25 ന് വൈകിട്ട് 5.30 ന് ഭര്‍ത്താവ് മാരിയോ ജോസഫിന്റെ വീട്ടില്‍ ഇരുന്ന് സംസാരിക്കവേയാണ് വാക്കേറ്റവും ദേഹോപദ്രവവും ഉണ്ടായത്. ദേഹോപദ്രവം ഏല്‍പ്പിക്കണം എന്ന ഉദ്ദശത്തോടെ മാരിയോ ജോസഫ് ടിവിയുടെ സെറ്റ്ടോപ്പ് ബോക്സ് എടുത്ത് ജിജിയുടെ തലയില്‍ അടിച്ചു. അതുകൂടാതെ ഇടതുകയ്യില്‍ കടിക്കുകയും തലമുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ജിജിയുടെ കയ്യില്‍ ഇരുന്ന മൊബൈല്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചതിലൂടെ 70,000 രൂപയുടെ നഷ്ടം വരുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
നല്ല കുടുംബ ജീവിതം നയിക്കുന്നതിനായി യുവതീയുവാക്കള്‍ക്കായി ധ്യാനങ്ങള്‍ നടത്തി വരുന്ന ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. കുടുംബജീവിതത്തിലെ പ്രശ്നപരിഹാരത്തിനായി ഇരുവരും ചേര്‍ന്ന് കൗണ്‍സലിങ്ങും നടത്തിയിരുന്നു. ഫിലോകാലിയ എന്ന പേരിലാണ് ഇവര്‍ ധ്യാന പരിപാടി നടത്തിയിരുന്നത്.
ദാമ്പത്യം മനോഹരമാക്കാന്‍( മാരിയോ ജോസഫ്), പുല്‍നാമ്പില്‍ നിന്ന് ആകാശത്തേക്ക് ( ജിജോ മാരിയോ), സെക്കന്‍ഡ് ചാന്‍സ്( ജിജി മാരിയോ) എന്നീ പുസ്തകങ്ങളും ഇരുവരും എഴുതിയിട്ടുണ്ട്. അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും നന്മയെത്തിക്കുക എന്നതാണ് ഫിലോകാലിയ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്നും കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് ഫിലോകാലിയ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇരുവരും മുമ്പ് പറഞ്ഞിരുന്നു.


