ഹെൽത്ത് ഡെസ്‌ക്
ന്യൂയോർക്ക്: ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കു പ്രത്യേക വ്യായാമം ആവശ്യമില്ലെന്നു നേരത്തെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഓർമ്മശക്തിയും ലൈംഗികതയും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇപ്പോഴത്തെ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
പുതിയ പഠനം അനുസരിച്ച് ഇടയ്ക്കിടെയുള്ള ലൈംഗികബന്ധം, സ്ത്രീകളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വാക്കുകൾ ഓർത്തെടുക്കാനുള്ള കഴിവാണ് ഇടയ്ക്കിടെയുള്ള ലൈംഗികബന്ധത്തിലൂടെ വർദ്ധിക്കുകയെന്ന് മോണ്ട്രിയലിലെ മക്ഗിൽ സർവ്വകലാശാലയിൽനിന്നുള്ള ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ലാറാ മാണ്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ലൈംഗികബന്ധത്തിലൂടെ ഓർമ്മശക്തിയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് നേരത്തെ ചില പഠനങ്ങളിലൂടെ വ്യക്തമായിരുന്നു. ഈ പഠനങ്ങളെ മുൻനിർത്തിയാണ് പുതിയ പഠനം നടത്തിയത്. 24 വയസിനുള്ളിൽ പ്രായമുള്ള പെൺകുട്ടികളെയാണ് പഠന വിധേയമാക്കിയത്. പഠനത്തിൽ പങ്കെടുത്ത 78 ശതമാനത്തോളം പെൺകുട്ടികളിൽ ഓരോ ലൈംഗികബന്ധത്തിനുശേഷവും ഓർമ്മശക്തി വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പഠനറിപ്പോർട്ട് ജേർണൽ ആർക്കൈവ്‌സ് ഓഫ് സെക്ഷ്വൽ ബിഹേവിയറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


