വാളയാർ പീ‍ഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടാന്‍ ഇപ്പോഴും സാധ്യതയില്ലെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു.

ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കണം. നാല് പ്രതികളും 20ന് വിചാരണക്കോടതിയിൽ ഹാജരാകണം. പോക്സോ കോടതി ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയെന്ന കേസിൽ പാലക്കാട് പോക്സോ കോടതിയാണ് നേരത്തെ പ്രതികളെ വിട്ടയച്ചത്. ജഡ്ജിമാരായ എ. ഹരിപ്രസാദ്, എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒൻപതുവയസ്സുള്ള ഇളയ കുട്ടിയെ 2017 മാർച്ച് നാലിനും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണ് കേസിന് ആധാരം. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ നാലു പ്രതികൾക്കെതിരെ ആറ് കേസുകളാണുള്ളത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി. ബാക്കി 4 കേസുകളിലാണ് വാദം പൂർത്തിയാക്കിയത്. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.

അതേസമയം വാളയാര്‍ പീഡനക്കേസില്‍ കുഞ്ഞുകള്‍ക്ക് നീതി കിട്ടാന്‍ സാധ്യത ഇല്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്‍ പറഞ്ഞു .പുനര്‍വിചാരണയ്ക്ക് മാത്രമാണ് ഉത്തരവെന്നും പുനര്‍ അന്വേഷണം ആണ് ആവശ്യപ്പെട്ടിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേസില്‍ തുടക്കം മുതല്‍ അവസാനം വരെ അട്ടിമറി നടന്നെന്നാണ് വിശ്വാസമെന്നും അഡ്വ. ജലജ മാധവന്‍.

വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നായിരുന്നു. കൂടാതെ തുടരന്വേഷണത്തിന് തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിട്ടത്.

Top