കാസറഗോഡ് :മകളെന്ന പേരിൽ യുവതിയെ വിവാഹം ചെയ്തു നൽകിയ ശേഷം വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി കൊച്ചി സ്വദേശിയിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മേൽപ്പറമ്പ് സ്വദേശി ഉമർ, ഭാര്യ ഫാത്തിമ, പയ്യന്നൂർ സ്വദേശി ഇഖ്ബാൽ, സാജിത എന്നിവരെയാണ് ഹൊസ്‌ദുർഗ് പൊലീസ് പിടികൂടിയത്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
കാഞ്ഞങ്ങാട് : മകളെന്ന പേരിൽ യുവതിയെ വിവാഹം ചെയ്തു നൽകിയ ശേഷം വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയിൽ 4 പേർ അറസ്റ്റിൽ. കൊച്ചി കടവന്ത്ര സ്വദേശി അബ്ദുൽ സത്താറിന്റെ പരാതിയിൽ കാസർകോട് നായന്മാർമൂലയിലെ സാജിദ (30), അരമങ്ങാനം സ്വദേശി എൻ.എ.ഉമ്മർ (41), ഭാര്യ ഫാത്തിമ (35), പരിയാരം സ്വദേശി ഇക്ബാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3.75 ലക്ഷം രൂപയും ഏഴര പവൻ സ്വർണാഭരണവും ഇവർ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ബ്രോക്കർ വഴി വിവാഹലോചന നടത്തിയാണ് അബ്ദുൽ സത്താറിനെ തട്ടിപ്പു സംഘം കാഞ്ഞങ്ങാട് എത്തിച്ചത്. ഓഗസ്റ്റ് 2ന് പ്രതികൾ അബ്ദുൽ സത്താറിന് സാജിദയെ വിവാഹം കഴിച്ചു കൊടുക്കുന്നതായി നാടകമൊരുക്കി. ഉമ്മറിന്റെയും ഫാത്തിമയുടെയും മകളാണ് സാജിദ എന്നാണ് സത്താറിനെ പരിചയപ്പെടുത്തിയത്. വിവാഹം’ നടത്തിയ ശേഷം ഇരുവർക്കും താമസിക്കാൻ കൊവ്വൽപ്പള്ളിയിൽ വാടക അപാർട്ട്മെന്റും നൽകി. ദമ്പതികളുടെ മുറിയിൽ രഹസ്യക്യാമറ സ്ഥാപിച്ച ശേഷം വിഡിയോ പകർത്തിയെന്നും അത് പരസ്യപ്പെടുത്തുമെന്ന രീതിയിൽ ഭീഷണിപ്പെടുത്തി എന്നുമാണ് സത്താറിന്റെ പരാതിയിലുള്ളത്.
പണവും സ്വർണവും ആവശ്യപ്പെടുന്നത് തുടർന്നപ്പോഴാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ സാജിദ നേരത്തെ കാസർകോട്, കണ്ണൂർ ജില്ലകളിലെ ഹണിട്രാപ്പ് കേസിലെ പ്രതിയാണ്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.