കയ്യും കാലും കെട്ടി ഇഴജന്തുക്കളുള്ള ഇരുട്ടിമുറിയില്‍ തള്ളും; രക്തത്തില്‍ കുളിപ്പിച്ച് അഴുക്കുചാലില്‍ ഉപേക്ഷിക്കും; ചീമുട്ട കുത്തിക്കഴിപ്പിക്കും; ഹൊറര്‍ സിനിമയെ ഓര്‍മ്മിപ്പിക്കും വിധം പേടിപ്പെടുത്തുന്ന അനുഭവങ്ങളും നിരവധി വെല്ലുവിളികളുമായി ഒരു വീട്

ഹൊറര്‍ എന്നും എപ്പോഴും ട്രന്‍ഡാണ്. എത്ര പേടിപ്പെടുത്തുന്നതാണെങ്കിലും ഒന്നു കണ്ടുനോക്കാമെന്ന ചിന്തയില്‍ ആളുകള്‍ കാണും എന്നതിനാലാണ് ഹൊറര്‍ സിനിമകള്‍ സൂപ്പര്‍ഹിറ്റാകുന്നത്. പേടിക്കാനും ചിലര്‍ക്ക് ആഗ്രഹമുള്ളതുപോലെ. അതാണല്ലോ പേടിപ്പെടുത്തുന്ന ചലനങ്ങളും നോട്ടങ്ങളുമായെത്തുന്ന ഇംഗ്ലീഷ് ഹൊറര്‍ സിനിമകള്‍ ഇംഗ്ലീഷ് ഭാഷ മനസിലാകാത്തവര്‍ വരെ കാണുന്നത്. സംഭാഷണങ്ങളെക്കാള്‍ പശ്ചാത്തല സംഗീതത്തിനും ദൃശ്യങ്ങള്‍ക്കുമാണല്ലോ ഇത്തരം സിനിമകളില്‍ പ്രാധാന്യം ഏറെയുള്ളത്. ഒട്ടുമിക്ക ഹൊറര്‍ സിനിമകള്‍ എടുത്താലും അതിലൊക്കെ പശ്ചാത്തലമായി ഒരു കഥാപാത്രത്തിന് തുല്യമെന്നോണം ഒരു വീട് കാണും. ആ വീട്ടിലായിരിക്കും പേടിപ്പെടുത്തുന്ന സംഭവങ്ങളെല്ലാം അരങ്ങേറുക. പക്ഷേ എത്രയൊക്കെ ഭയപ്പെടുത്തിയാലും ഇതൊരു സിനിമ ആണല്ലോ, രണ്ടര മണിക്കൂറിനകം അവസാനിക്കുമല്ലോ എന്ന് വിചാരിക്കാം. പക്ഷേ സിനിമയിലല്ല, യഥാര്‍ഥ ജീവിതത്തില്‍ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അവതരിക്കുന്ന ഹൊറര്‍ സിനിമയ്ക്ക് തുല്യമായ ഒരു വീടുണ്ട്. മക് ക്യാമെയ് മാനര്‍ എന്നാണ് ഈ വീടിന്റെ പേര്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലാണ് ലോകത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഈ വീടുള്ളത്. ഹോളിവുഡ് ഹൊറര്‍ സിനിമകള്‍ കണ്ട് മുഴുവട്ട് എന്നൊക്കെ പറയാവുന്ന അവസ്ഥയിലെത്തിയ റാസ് മക് ക്യാമെയ് എന്ന വ്യക്തിയാണ് സ്വന്തം വീട് ഇത്തരത്തിലാക്കി മാറ്റിയത്. സിനിമ മാത്രം കണ്ടുള്ള ഭീതിയേക്കാള്‍ നേരിട്ട ഭയം അനുഭവിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് വേണ്ടിയാണ് വീട് ഇങ്ങനെ മാറ്റിയതെന്നാണ് റാസിന്റെ വിശദീകരണം. ചുമ്മാതെ അങ്ങ് കേറി ചെന്നാല്‍ വീടിനുള്ളില്‍ പ്രവേശനം ലഭിക്കില്ല. വീട്ടില്‍ കയറിയിട്ട് എന്തുസംഭവിച്ചാലും അത് സ്വന്തം ഉത്തരവാദിത്തത്തിലാണെന്നു കാണിച്ച് ഒരു സാക്ഷ്യപത്രം ഒപ്പിട്ടുനല്‍കണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ജീവന്‍ തന്നെ പണയം വച്ച് വേണം റാസിന്റെ വീട്ടിലേക്ക് പ്രവേശനം ലഭിക്കാന്‍. ഇനി വീടിനുള്ളില്‍ കയറിയാലോ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വീട്ടിലെ ഓരോ മുറികളിലും പേടിപ്പിക്കാനായി ഓരോ ചേംബറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇരുണ്ട ഇടനാഴി വഴി അകത്തേക്ക് കയറിയാല്‍ അപ്രതീക്ഷിതമായി ചതുപ്പുകളും പാമ്പുകളും പേടിപ്പെടുത്തുന്ന കാഴ്ചകളുമാണ്. കുറച്ചെങ്കിലും മനോധൈര്യം ഇല്ലാതെ ഈ വീട്ടിലേക്ക് കയറിയാല്‍ ആദ്യം ഒപ്പുവച്ച സാക്ഷ്യപത്രത്തിന് വിലയേറും.

കയ്യും കാലും കെട്ടി എലിയും ഇഴജന്തുക്കളുമുള്ള ഇരുട്ടുമുറിയില്‍ തള്ളുക, വീടിനുള്ളിലെ അഴുക്കുചാലില്‍ കൊണ്ടിടുക, കൃത്രിമ രക്തത്തില്‍ മുക്കുക, ചീമുട്ട കുത്തിക്കഴിപ്പിക്കുക തുടങ്ങി നിരവധി കലാപാരിപാടികളാണ് സന്ദര്‍ശകരെ ഓരോ മുറിയിലും വരവേല്‍ക്കുന്നത്. വീടിനുള്ളില്‍ നേരിട്ട സംഭവങ്ങള്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാനായി ചിത്രങ്ങളും ലഭിക്കും. ഓരോ മുറിയിലും സജ്ജീകരിച്ചിരിക്കുന്ന ക്യാമറകള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് പണം നല്‍കി വാങ്ങാവുന്നതുമാണ്. ചിത്രങ്ങളിലൂടെ വീണ്ടും ദൃശ്യങ്ങള്‍ കണ്ടുകണ്ട് പേടിക്കാം. മറ്റൊരു കാര്യം, ഏറ്റവും കൂടുതല്‍ സമയം വീടിനകത്ത് പിടിച്ചു നില്‍ക്കുന്നവര്‍ക്ക് സമ്മാനവുണ്ട്. ഇതൊരു മത്സരമായി കാണുന്നവര്‍ക്ക് റെക്കോര്‍ഡുകള്‍ തകര്‍ക്കാനാകും. ആറുമണിക്കൂര്‍ വീടിനുള്ളില്‍ ചെലവഴിച്ച സാറ എന്ന യുവതിയുടെ പേരിലാണ് ഏറ്റവും പുതിയ റെക്കോര്‍ഡ്. ചുരുക്കത്തില്‍ സാഡിസം ഇഷ്ടമുള്ളവരുടെ നീണ്ടനിരയാണ് ഇപ്പോള്‍ മക് ക്യാമെയ് മാനറിന് മുന്നില്‍. അടുത്തിടെ ഒരു ദമ്പതികള്‍ ഒന്ന് പേടിക്കാന്‍ 5 ലക്ഷം ഡോളറാണ് മുടക്കിയത്. വീട് വിട്ട് പുറത്തിറങ്ങുന്നവര്‍ക്ക് ഒരു യഥാര്‍ഥ ഹൊറര്‍ സിനിമയില്‍ അഭിനയിച്ച അനുഭവമാണ് ലഭിക്കുക. ഇതുവരെ ആരും വീടുമുഴുവന്‍ അനുഭവിച്ചു പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് മറ്റൊരു രസം!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top