ഒളിവില്‍ പോയെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; തങ്കച്ചനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു

തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും താന്‍ ഒളിവില്‍പോയെന്നത് ചില മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിടുന്ന കുപ്രചരണം മാത്രമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ജിഷ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നും ആ നേതാവിന്റെ വീട്ടില്‍ചെന്ന് സ്വത്തവകാശം ചോദിച്ചതിനു പിന്നാലെയാണ് ജിഷ കൊല്ലപ്പെട്ടതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പട്ട് മുഖ്യമന്ത്രി പിണറായിക്ക് ജോമോന്‍ കത്തു നല്‍കിയത് കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

മുഖ്യധാരാ മാധ്യമങ്ങളില്‍ തന്റെ പരാതി സംബന്ധിച്ച വാര്‍ത്തകള്‍ വന്നില്ലെങ്കിലും ഇതിനു പിന്നാലെ ജിഷ തന്റെ മകളല്ലെന്നും ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിക്കുനിന്നെന്നത് പച്ചക്കള്ളമാണെന്നും പറഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ രംഗത്തുവന്ന വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച പത്രങ്ങളാണ് താന്‍ ഇപ്പോള്‍ ഒളിവില്‍പോയെന്ന രീതിയില്‍ കുപ്രചരണം നടത്തുന്നതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ . ഞാന്‍ പരാതിയില്‍ ഒരാളുടെ പേരും പറഞ്ഞിരുന്നില്ല. എന്നാല്‍ ആരോപണങ്ങളെ എതിര്‍ത്ത് പി പി തങ്കച്ചന്‍ രംഗത്തുവന്നതോടെ ആരെപ്പറ്റിയാണ് പരാതിയില്‍ പറഞ്ഞതെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്കെതിരെ ജിഷയുടെ അച്ഛന്‍ പാപ്പു പരാതി നല്‍കിയെന്നും ദളിത് പീഡനത്തിന് എനിക്കെതിരെ കേസെടുത്തതോടെ ഞാന്‍ ഒളിവിലാണെന്നുമായിരുന്നു മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ പ്രചരണം. എന്നാല്‍ പരാതി നല്‍കിയില്ലെന്ന് പാപ്പു വ്യക്തമാക്കിയതോടെ ഈ വാദം പൊളിഞ്ഞു. ഞാനെവിടെയും പോയിട്ടില്ല. ഇവിടെ എറണാകുളത്തുതന്നെ ഉണ്ട്. പെരുമ്പാവൂര്‍ ഡിവൈഎസ്പി അനിലുമായി കഴിഞ്ഞദിവസവും സംസാരിച്ചിരുന്നു. എനിക്കെതിരെ പരാതിയൊന്നും ഇല്ലെന്ന് വ്യക്തമായിട്ടുമുണ്ട് ജോമോന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി വെബ്‌സൈറ്റുകളില്‍ വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയിലും മറ്റും പെരുമ്പാവൂരിലെ നേതാവാരെന്ന ചര്‍ച്ച സജീവമായെന്നും ഇതോടെയാണ് പ്രതികരണവുമായി തങ്കച്ചന്‍ വന്നതെന്നും ജോമോന്‍ പറഞ്ഞു.

എന്റ പരാതിയെപ്പറ്റി വാര്‍ത്ത നല്‍കാതിരുന്നവര്‍ തങ്കച്ചന്റെ പ്രതികരണം വാര്‍ത്തയാക്കി. അപ്പോള്‍ ഇവര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തം. കൊല്ലപ്പെട്ട ജിഷയ്‌ക്കൊപ്പമോ ആരോപണം ഉന്നയിക്കപ്പെട്ട തങ്കച്ചനൊപ്പമോ? ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് അവരുടെ ശ്രമം. അല്ലാതെ സത്യം കണ്ടെത്താനല്ല. ഇനി ഈ ആരോപണം പറഞ്ഞതിന്റെ പേരില്‍ എന്നെ അറസ്റ്റുചെയ്യാനാണ് നീക്കമെങ്കില്‍ ജയിലില്‍ പോകാന്‍ ഒരു മടിയുമില്ല. എന്റെ പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി പൊലീസിനെ ചുമതലപ്പെടുത്തിയെന്നാണ് അറിഞ്ഞത്. ഇനി പിണറായി ഡല്‍ഹിയിലാണെന്ന തക്കംനോക്കി എന്നെ അറസ്റ്റു ചെയ്യുമോ എന്നറിയില്ല. ജോമോന്‍ പറഞ്ഞു.

30 വര്‍ഷമായി ഇത്തരത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പല നിയമ പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. പല കേസുകളും സത്യസന്ധമാണെന്ന് കോടതിയില്‍ തെളയിക്കപ്പെട്ടിട്ടുമുണ്ട്. ഞാന്‍ പറഞ്ഞത് തെറ്റെങ്കില്‍ എന്തുകൊണ്ട് തങ്കച്ചനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ കെപിസിസി പ്രസിഡന്റ് സുധീരനോ രംഗത്തുവന്നില്ല. കോണ്‍ഗ്രസ്സിലെ ഒരു മുതിര്‍ന്ന നേതാവിനെതിരെ തെറ്റായ ആരോപണമാണ് പറഞ്ഞിരുന്നതെങ്കില്‍ എനിക്ക് ഇ്‌പ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റുമായിരു്‌ന്നോ. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാത്തതുതന്നെ തന്റെ ആരോപണം സത്യസന്ധമാണെന്ന് സ്ഥിരീകരിക്കുന്നതായി ജോമോന്‍ അവകാശപ്പെട്ടു.

Top