ദില്ലി: കേരളത്തില്‍ എല്‍ഡിഎഫ് നല്ല വിജയം കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. എല്‍ഡിഎഫിന് 105 മുതല്‍ 115 സീറ്റ് വരെ നേടാനാകുമെന്നാണ് കേന്ദ്ര ഐബി റിപ്പോര്‍ട്ട് പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാമര്‍ശം. ഇന്നലെ രാത്രിയോടെയാണ് ഐബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേരളത്തില്‍ ഉമ്മന്‍ചാണ്ടി വിരുദ്ധ വികാരം നിലവിലില്ലെന്നും എന്നാല്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍. വികസനവും അഴിമതിയും മുഖ്യ വിഷയമായ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ വികസനത്തിന്റെ പ്രതീകമായി വലിയൊരു വിഭാഗം കാണുന്നുണ്ടെന്നും യുവാക്കള്‍ക്കിടയില്‍ എല്‍ഡിഎഫിനെ കുറിച്ച് ‘വികസന വിരുദ്ധര്‍’ പരിവേഷമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിത, സോളാര്‍ വിഷയങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും ഐബി സൂചിപ്പിക്കുന്നു.
എല്‍ഡിഎഫ് 105 മുതല്‍ 115 സീറ്റ് വരെ നേടും. വന്‍ഭൂരിപക്ഷത്തിലായിരിക്കും മിക്ക സീറ്റുകളിലും എല്‍ഡിഎഫിന്റെ വിജയം. അതേസമയം, പല സിറ്റിംഗ് മന്ത്രിമാരും പരാജയപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി ഭൂരിപക്ഷം വര്‍ധിപ്പിക്കും. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിരുദ്ധ മനോഭാവം ഭൂരിപക്ഷം ജനങ്ങള്‍ക്കുമില്ല.
തിരുവനന്തപുരം എല്‍ഡിഎഫ് തൂത്തുവാരും. ആരോഗ്യ വകുപ്പ് മന്ത്രിയായ ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ആര് ജയിക്കുമെന്ന് വ്യക്തമാക്കുന്നില്ല. കൊല്ലത്ത് ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരും കടപുഴകുമെന്ന് മാത്രമല്ല ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കും. പത്തനാപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാര്‍ വിജയിക്കും.
കൊല്ലത്ത് നിന്ന് പത്തനംതിട്ടയില്‍ എത്തുമ്പോള്‍ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും, ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കോന്നിയില്‍ അടൂര്‍ പ്രകാശ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കും. ശക്തമായ മത്സരമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ജില്ലയിലുണ്ടാകുക എങ്കിലും യുഡിഎഫ് മേല്‍ക്കൈ നേടും. സമാന സഹാചര്യമാണ് കോട്ടയത്തും ഉണ്ടാകുക. ചങ്ങനാശ്ശേരി, കടത്തുരുത്തി, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ കടുത്ത മത്സരമാകും യുഡിഎഫ് നേരിടുക. ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്‍കൈ നേടും.
എറണാകുളം ജില്ലയില്‍ യുഡിഎഫ് മേല്‍കൈ നേടുമെങ്കിലും മന്ത്രി ബാബു പരാജയപ്പെടും. കളമശ്ശേരി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇബ്രാഹിം കുട്ടി ജയിക്കും. തൃക്കാക്കരയില്‍ പിടി തോമസ് വിജയിക്കും. ഡൊമനിക് പ്രസന്റേഷന്‍ പരാജയപ്പെടും.ഇടുക്കി ഇത്തവണ യുഡിഎഫിനെ കൈവിടും. റോഷി അഗസ്റ്റി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരാജയപ്പെടും. പാലക്കാട്, തൃശൂര്‍ ജില്ലകള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. മലമ്പുഴയില്‍ വിഎസ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും.
മലപ്പുറത്ത് മുസ്ലീംലിഗിന് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലീഗിന് പല സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലകളെ പോലെ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെങ്കിലും ലീഗിന് വലിയ വെല്ലുവിളി ഉയര്‍ത്തി എല്‍ഡിഎഫ് തുല്യശക്തിയാകും. വയനാട് ജില്ലയിലെ മലയോര ക്രിസ്ത്യന്‍ കര്‍ഷകര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. കല്‍പ്പറ്റയില്‍ ശ്രേയാംസ് കുമാര്‍ പരാജയപ്പെടും. കണ്ണൂരില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക. അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ ജയിക്കും. ഇരിക്കൂറില്‍ കെസി ജോസഫ് പരാജയപ്പെടും. കോഴിക്കോടും കാസര്‍ഗോഡ് ജില്ല എല്‍ഡിഎഫ് നേടും.
കേരളത്തിലെ അവസാന ക്രിസ്ത്യന്‍ മുഖ്യമന്ത്രിയായിരിക്കും ഉമ്മന്‍ചാണ്ടിയെന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ പ്രചരണം ശക്തമാണെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ, സുകുമാരന്‍ നായര്‍ക്ക് നായര്‍ സമുദായാംഗങ്ങള്‍ക്ക് മേല്‍ കാര്യമായ സ്വാധീനമില്ലെന്നും നായര്‍ സമുദായത്തിലെ ഭൂരിപക്ഷം പേര്‍ക്കും മോഡിയോടാണ് താത്പര്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്‍എസ്എസ്സിന്റെ സമദൂര സിദ്ധാന്തം പരാജയപ്പെടും. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനുള്ള ശക്തിയുണ്ടെന്ന എന്‍എഎസ്എസ്സിനെ കുറിച്ചുള്ള വിലയിരുത്തല്‍ ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും.
മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സമുദായത്തിനിടയിലും മോഡി സ്വീകാര്യനാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഡിജെഎസിനെ എന്‍ഡിഎ ഘടക കക്ഷിയാക്കിയത് ഗുണം ചെയ്യുമെന്നും എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ശ്രമങ്ങള്‍ ശക്തമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുസ്ലീം-പിന്നോക്ക വിഭാഗങ്ങള്‍ പൂര്‍ണമായും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുപതോളം മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. കൂടാതെ, മറ്റ് മണ്ഡലങ്ങളില്‍ ബിജെപി ഗണ്യമായി വോട്ട് വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.