ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സാമ്പത്തിക വളര്‍ച്ചയുടെയും സൈനിക ശേഷിയുടെയും പിന്‍ബലത്തില്‍ ഏഷ്യ പവര്‍ ഇന്‍ഡക്‌സ്-2025 ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യ-പസഫിക്കില്‍ രാജ്യങ്ങളുടെ ആഗോള ശക്തി വിലയിരുത്തുന്നതിനുള്ള വിശകലന സംവിധാനമാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന ഏഷ്യ പവര്‍ ഇന്‍ഡക്‌സ്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഈ വിദഗ്ധ സംഘം 26 രാജ്യങ്ങളെയാണ് വിശകലനം ചെയ്യുന്നത്. 2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നാവയാണ് മികച്ച അഞ്ച് രാജ്യങ്ങള്‍.
‘പ്രമുഖ രാജ്യം’ പദവി ലഭിക്കുന്നതിനായി ഏഷ്യ പവര്‍ ഇന്‍ഡക്‌സ് നിര്‍വചിച്ചിരിക്കുന്ന പരിധി ഇന്ത്യ മറികടന്നതിനെത്തുടര്‍ന്നാണ് രാജ്യത്തിന് പുതിയ നേട്ടം ഉണ്ടായിരിക്കുന്നത്. 2025- ല്‍ ഇന്ത്യയുടെ സ്‌കോര്‍ 0.9 പോയിന്റ് വര്‍ധിച്ച് 40 ആയതോടെ ജപ്പാനെക്കാള്‍ ചെറിയ ലീഡ് ഇന്ത്യയ്ക്ക് ലഭിക്കുകയായിരുന്നു. യുഎസ് (80.4), ചൈന (73.5) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ശക്തികള്‍.
ഡാറ്റ പ്രകാരം, സൈനിക ശേഷി, സാമ്പത്തിക വളര്‍ച്ച, മറ്റ് രാജ്യങ്ങളുമായുളള വ്യാപാര ബന്ധം, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിരിക്കുന്ന അതിന്റെ ഭൗമരാഷ്ട്രീയ പ്രസക്തിയുടെ കാര്യത്തില്‍ ഇന്ത്യ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2025- മെയ് മാസത്തില്‍ രാജ്യം നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയുടെ മികച്ച സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നുവെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി.ഇന്ത്യയിലേക്കുള്ള വിദേശികളുടെ സഞ്ചാരം വര്‍ധിച്ചത്, ടൂറിസം മെച്ചപ്പെടുത്താനും ഏഷ്യയിലുടനീളം രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിച്ചതായി പഠനം ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും, ചൈനയുമായുള്ള ഇന്ത്യയുടെ ഘടനാപരമായ അകല്‍ച്ച വര്‍ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സൈനിക ശേഷിയില്‍ ചൈന അമേരിക്കയുടെ മുന്‍തൂക്കം ഇല്ലാതാക്കുന്നതായും പഠനം പറയുന്നു. അമേരിക്ക ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ സ്‌കോറാണ് 2025- ലേത്. ട്രംപിന്റെ ഏഷ്യാ വിരുദ്ധ നയങ്ങളാകാം ഈ ഇടിവിനുകാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ഏഷ്യയിലെ ജപ്പാന്റെ ശക്തി സ്ഥിരമായി തുടരുന്നുണ്ട്. ടോക്കിയോയിലെ നേതൃത്വപരമായ മാറ്റം ഇന്തോ-പസഫിക്കിലെ ഒരു വിദേശനയ നേതാവെന്ന നിലയില്‍ ജപ്പാന്റെ വളര്‍ച്ചയെ പിന്നോട്ടുവലിച്ചതായി പഠനം പറയുന്നു. ഏഷ്യയില്‍ ശക്തി നിലനിര്‍ത്തുന്നതിന് ഓസ്ട്രേലിയ നേരിടുന്ന വെല്ലുവിളി ഇപ്പോഴും തുടരുകയാണ്. 2025-ലെ ഏഷ്യ പവര്‍ ഇന്‍ഡെക്സ് റാങ്കിങ്ങില്‍ ഓസ്ട്രേലിയ റഷ്യയേക്കാള്‍ താഴെയാണ്. പാകിസ്താനാകട്ടെ പതിനാറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കി.


