ദില്ലി: ഭീഷണി, അതിക്രമം, സമ്മര്‍ദ്ദം, പീഡനം എന്നിവ ഭയന്ന് നിലനില്‍ക്കുന്ന അടിമകള്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതലെന്ന് റിപ്പോര്‍ട്ട്. 18.3 ദശലക്ഷം ആളുകളാണ് ഇന്ത്യയില്‍ അടിമത്തത്തില്‍ കഴിയുന്നത്. ആധുനിക അടിമത്തത്തില്‍ കഴിയുന്ന ആളുകളില്‍ മൂന്നില്‍ രണ്ടും ഏഷ്യയിലാണ്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 3.4 ദശലക്ഷം അടിമകളാണ് ഇവിടെയുള്ളത്.
ആസ്ത്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ വാക് ഫ്രീ ഫൗണ്ടേഷനാണ് ആഗോള അടിമത്ത സൂചിക പുറത്തുവിട്ടത്. ഇന്ത്യ, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഉസ്ബക്കിസ്താന്‍ എന്നിവിടങ്ങളിലാണ് ലോകത്തെ 58% അടിമകളും കഴിയുന്നത്. 167 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഏതാണ്ട് 46 ദശലക്ഷം ആളുകളാണ് ലോകമെമ്പാടുമായി ആധുനിക രൂപത്തിലുള്ള അടിമത്തത്തില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2.1 ദശലക്ഷം അടിമകളുള്ള പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. ആധുനിക അടിമത്തത്തിന്റെ അനുപാതം ഏറ്റവുമധികമുള്ളത് ഉത്തര കൊറിയയിലാണ്. ഇവിടെ 20 ല്‍ ഒരാള്‍ അടിമത്തത്തില്‍ കഴിയുന്നവരാണ്.
നെതര്‍ലന്റ്, ബ്രിട്ടന്‍, യു.എസ്.എ, ഓസ്ട്രേലിയ, പോര്‍ച്യുഗല്‍, ക്രൊയേഷ്യ, സ്പെയ്ന്‍, ബെല്‍ജിയം, നോര്‍വെ എന്നീ രാജ്യങ്ങളാണ് ആധുനിക അടിമത്തം ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നത്.