മുംബൈ: പണക്കിലുക്കത്തിന് വേദിയായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരലേലത്തില്‍ സുനില്‍ ഛേത്രിയും യൂജിന്‍സണ്‍ ലിങ്‌ദോയും കോടീശ്വരന്മാര്‍. ഇന്ത്യന്‍ ക്യാപ്റ്റനും സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി 1.20 കോടി രൂപയ്ക്ക് മുംബൈ സിറ്റി ടീമിലെത്തി. 80 ലക്ഷം അടിസ്ഥാനതുകയുണ്ടായിരുന്ന ഛേത്രിയെ വലിയ പിടിവലിയില്ലാതെതന്നെ 1.20 കോടി രൂപയ്ക്കാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ ടീം സ്വന്തമാക്കിയത്. അതേസമയം മലയാളിതാരമായ റിനോ ആന്റോയാണ് ലേലത്തിന്റെ അദ്ഭുതബാലനായി മാറിയത്. 17.5 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന റിനോയെ വാശിയേറിയ ലേലംവിളിക്കൊടുവില്‍ 90 ലക്ഷത്തിന് ചാമ്പ്യന്‍ ടീമായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കി. ബെംഗളൂരു എഫ്.സി.യില്‍ റിനോയുടെയും ഛേത്രിയുടെയും സഹതാരമായ യൂജിന്‍സണ്‍ ലിങ്‌ദോയെ 1.05 കോടി രൂപയ്ക്ക് പുണെ സിറ്റിയും സ്വന്തമാക്കി. 27.50 ലക്ഷം രൂപയായിരുന്നു ലിങ്‌ദോയുടെ അടിസ്ഥാനവില.
താരലേലത്തിലുള്‍പ്പെട്ട മറ്റൊരു മലയാളിതാരം അനസ് എടത്തൊടികയെ 41ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കി. 40 ലക്ഷം രൂപയായിരുന്നു അനസിന്റെ അടിസ്ഥാന വില. ലിങ്‌ദോയ്ക്കു പുറമെ പുണെ സ്വന്തമാക്കിയ മറ്റൊരു താരം ജാക്കിചന്ദ് സിങ്ങാണ്. 45 ലക്ഷം അവര്‍ ജാക്കിക്കുവേണ്ടിയും ചെലവാക്കി. അദ്ദേഹത്തിന്റെ അടിസ്ഥാനവില 20 ലക്ഷമായിരുന്നു.
പുണെയെക്കൂടാതെ ചെന്നൈയിന്‍ എഫ്.സി.യും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് രണ്ടുതാരങ്ങളെവീതം ലേലംകൊണ്ട മറ്റു ടീമുകള്‍. തോയി സിങ്ങിനെ 86 ലക്ഷത്തിനും (അടിസ്ഥാനവില 39 ലക്ഷം) ഗോള്‍ കീപ്പര്‍ കരണ്‍ജിത് സിങ്ങിനെ 60 ലക്ഷത്തിനുമാണ് (അടിസ്ഥാന വില 60 ലക്ഷം) ചെന്നൈ വാങ്ങിയത്. സെയ്ത്യാസെന്‍ സിങ്ങിനെ 56 ലക്ഷത്തിനും(20 ലക്ഷം) അരാത്ത ഇസുമിയെ 68 ലക്ഷത്തിനും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സ്വന്തമാക്കി.
ലേലത്തില്‍ കാര്യമായി പങ്കെടുക്കാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍നിര താരങ്ങളെയാരെയും സ്വന്തമാക്കിയില്ല. എന്നാല്‍, ഡ്രാഫ്റ്റ് പട്ടികയില്‍നിന്ന് മലയാളിതാരം സി.കെ.വിനീത്, ഗോവന്‍ താരം കെവിന്‍ ലോബോ, പീറ്റര്‍ കാര്‍വാലോ, ബെംഗളൂരു എഫ്.സി. താരം ശങ്കര്‍ സാംബഗിരിരാജ് എന്നിവരെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ബെംഗളൂര്‍ എഫ്.സി.യുടെ മുന്നേറ്റക്കാരനായ റോബിന്‍ സിങ്ങിനും കഴിഞ്ഞവര്‍ഷം നോര്‍ത്ത് ഈസ്റ്റിനു കളിച്ച സെയ്ത്യാസെന്‍ സിങ്ങിനുംവേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ലേലത്തില്‍ ശ്രമിച്ചുനോക്കിയെങ്കിലും വിജയിക്കാനായില്ല. റോബിന്‍ സിങ്ങിനുവേണ്ടി 50 ലക്ഷം വരെ ബ്ലാസ്റ്റേഴ്‌സ് വിളിച്ചെങ്കിലും 51 ലക്ഷത്തിന് ഡല്‍ഹി സ്വന്തം നാട്ടുകാരന്‍കൂടിയായ റോബിനെ സ്വന്തമാക്കി. സെയ്്ത്യാസെന്നിനും കേരളം നീക്കിവെച്ചത് 50 ലക്ഷംതന്നെയായിരുന്നു. 56 ലക്ഷത്തിന് നോര്‍ത്ത് ഈസ്റ്റ് സ്വന്തം താരത്തെ നിലനിര്‍ത്തി. വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പോടെ കേരളം ശക്തമായ ടീമാകുമെന്നാണ് പരിശീലകനായ ട്രവര്‍ മോര്‍ഗന്‍ ലേലത്തിനുശേഷം പറഞ്ഞത്.
ഡ്രാഫ്റ്റ് പട്ടികയിലുണ്ടായിരുന്ന ഏഴു മലയാളിതാരങ്ങളില്‍ അഞ്ചുപേരെയും ടീമുകള്‍ സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടായിരുന്ന സുശാന്ത് മാത്യുവിനെ പുണെ സിറ്റിയാണു സ്വന്തമാക്കിയത്. ജസ്റ്റിന്‍ സ്റ്റീഫന്‍, എം.പി.സക്കീര്‍, നിധിന്‍ ലാല്‍ എന്നിവര്‍ ചെന്നൈനിരയിലെത്തി. ബിനീഷ് ബാലന്‍, കെ.ആസിഫ് എന്നിവര്‍ക്ക് ഒരുടീമിനെയും ആകര്‍ഷിക്കാനായില്ല.
മികച്ച താരമായിരുന്നിട്ടും സുനില്‍ ഛേത്രിക്കുവേണ്ടി ടീമുകള്‍ കാര്യമായി വാശിപിടിച്ചില്ലെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഡല്‍ഹിയും മുംബൈയും മാത്രമാണ് ഛേത്രിക്കുവേണ്ടി രംഗത്തിറങ്ങിയത്. ഒന്നരക്കോടിയിലധികം ഛേത്രിയുടെ വിലയുയര്‍ന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുംബൈയുടെ 1.20 കോടിക്കുമേല്‍ വിലപറയാന്‍ ഡല്‍ഹിയും മടിച്ചു. അടിസ്ഥാനവിലയായ 80 ലക്ഷത്തില്‍നിന്ന് അദ്ദേഹത്തിന് അധികംലഭിച്ചത് വെറും 40 ലക്ഷം മാത്രം. എങ്കിലും ലേലത്തില്‍ ഏറ്റവുംകൂടിയ വിലകിട്ടിയത് ഛേത്രിക്കുതന്നെ.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ കളിക്കാരെയാണ് എല്ലാ ടീമുകളും ലക്ഷ്യംവെയ്ക്കുന്നതെന്ന് വെള്ളിയാഴ്ചനടന്ന ലേലത്തില്‍ വ്യക്തമാകുന്നു. പഞ്ചാബുകാരനായ കരണ്‍ജിത് സിങ്ങിനെയും മലയാളികളായ അനസിനെയും റിനോയെയും മാറ്റിനിര്‍ത്തിയാല്‍ ബാക്കി ഏഴുപേരും ഈ മേഖലയില്‍നിന്നുള്ളവരാണ്. ലേലത്തിനുശേഷം നടന്ന കളിക്കാരുടെ തിരഞ്ഞെടുപ്പിലും ഇതുതന്നെ തെളിഞ്ഞു.