ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലുഷന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി. മികച്ച തൊഴിലിടങ്ങളെ കണ്ടെത്തുന്ന രാജ്യാന്തര ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യാസ് ബെസ്റ്റ് വര്‍ക്ക്‌പ്ലേസസ് ഫോര്‍ വിമിന്‍ 2021 പട്ടികയിലെ ആദ്യ 50 മിഡ് സൈസ് കമ്പനികളിലാണ് ഫിന്‍ജെന്റ് ഉള്‍പ്പെട്ടത്. ലിംഗസമത്വം, വിവിധ ചുമതലകളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന കമ്പനികളെ മാത്രം വിലയിരുത്തിയാണ് മികച്ച സ്ത്രീ സൗഹൃദ തൊഴിലിടങ്ങളെ തെരഞ്ഞെടുക്കുന്നത്. കമ്പനിയിലെ തൊഴിലന്തരീക്ഷം, തൊഴിലനുഭവം എന്നിവ സംബന്ധിച്ച് വനിതാ ജീവനക്കാരില്‍ സ്വതന്ത്ര്യമായി സര്‍വെ നടത്തിയതാണ് മികച്ച സ്ത്രീ സൗഹൃദ തൊഴിലിട പട്ടിക തയാറാക്കുന്നത്. രാജ്യത്തുടനീളമുള്ള 712 കമ്പനികളെ വിലയിരുത്തിയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയിലെ മികച്ച മിഡ് സൈസ് കമ്പനികളുടെ പട്ടികയില്‍ 33ാം റാങ്കും ഫിന്‍ജെന്റിന് ലഭിച്ചിരുന്നു. യുഎസ് ആസ്ഥാനമായ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഫിന്‍ജെന്റിന് ഇന്ത്യയില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലുമായി അഞ്ഞൂറോളം ജീവനക്കാരുണ്ട്.
Top