കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വിവാദമായ മണ്ഡലമാണ് വടകര. മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന പി.ജയരാജന്റെ ക്രിമിനല്‍ പശ്ചാത്തലമാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ജയരാജന്റെ പേരില്‍ പത്ത് ക്രിമിനല്‍ കേസുകളുണ്ട്. കഴിഞ്ഞ ദിവസം പി.ജയരാജന്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.
പത്ത് കേസുകളുള്ളതില്‍ ഒരെണ്ണത്തില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള രണ്ട് കൊലപാതകക്കേസുകള്‍. കതിരൂര്‍ മനോജ് വധത്തില്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ആരോപിച്ചിട്ടുള്ളത്. അതേസമയം അരിയില്‍ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന തീവ്രസ്വഭാവമുള്ള കുറ്റമാണ് നിലനില്‍ക്കുന്നത്. മറ്റുള്ള കേസുകള്‍ രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി എടുത്തിട്ടുള്ളതാണ്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകളിട്ടിട്ടുള്ള കുറ്റങ്ങളാണ് ഈ കേസുകളിലുള്ളത്.
അതേസമയം ജയരാജന്റെ വരുമാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൈവശം രണ്ടായിരം രൂപയാണുള്ളതെങ്കിലും ബാങ്കിലും ഓഹരിയിലുമായി നിക്ഷേപമായി 8,22,022 രൂപയുണ്ട്. എന്നാല്‍ ഭാര്യയുടെ നിക്ഷേപം 31,75,418 രൂപയുമാണ്. ഇരുവരുടെയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്തുണ്ട്. ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുമുണ്ട്. എന്നാല്‍ ജയരാജന്റെ പേരില്‍ വായ്പയൊന്നുമില്ല.