ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്നതില്‍ മുന്നില്‍ മുപ്പതിനു മുകളില്‍ പ്രായമുള്ളവര്‍; യുവാക്കള്‍ക്കു പ്രിയം സോഷ്യല്‍ മീഡിയയോടെ

കൊച്ചി: കേരളത്തിലെ ഇന്റര്‍നെറ്റ് സെര്‍ച്ചിങ് സംബന്ധിച്ചു പഠനം നടത്തിയ സ്വകാര്യ ഏജന്‍സിയുടേത് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇന്റര്‍നെറ്റിന്റെ ദുരുപയോഗത്തില്‍ യുവാക്കളെ പഴിക്കുന്ന മുതിര്‍ന്ന തലമുറ തന്നെയാണ് ഇവയെ ദുരുപയോഗം ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളായ വിവിധ പ്രായത്തില്‍ നിന്നുള്ള 2500 പേരെയാണ് അമേരിക്കയില്‍ നിന്നുള്ള മലയാളി സോഫ്റ്റ് വെയര്‍ കമ്പനിയായ കോറല്‍ ഇന്‍ഫോ ഗ്രൂപ്പ് പഠനത്തിനു വിധേയമാക്കിയത്. പഠനത്തിനു വിധേയമായ ആളുകള്‍ അറിയാതെ അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം കണ്ടെത്തുകയായിരുന്നു കമ്പനി.
കേരളത്തിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ പഠനത്തില്‍ പങ്കെടുത്ത 35 നും 45 നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ 180 പേരില്‍ 120 പേരും ഇന്റര്‍നെറ്റിനെ അശ്ലീല ദൃശ്യങ്ങള്‍ തിരയുന്നതിനാണ് ഒഴിവു സമയങ്ങള്‍ ഇപ്പോള്‍ ചിലവഴിക്കുന്നത്. ഇവരില്‍ 60 പേര്‍ മൊബൈലിലാണ് അശ്ലീല വീഡിയോയും ദൃശ്യങ്ങളും പരിശോധിക്കുന്നത്. ഇതില്‍ ഏറെ രസകരം അശ്ലീല വീഡിയോയും ചിത്രങ്ങളും ലഭിക്കുന്ന സൈറ്റുകളില്‍ നിന്നു വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നു അറിയാവുന്നവര്‍ തന്നെയാണ് ഈ കൂട്ടത്തിലുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
24 നും 30 നും ഇടയില്‍ പ്രായമുള്ള 1000 പേരെയാണ് രഹസ്യമായി സംഘം നിരീക്ഷിച്ചത്. ഇവരില്‍ 300 പേര്‍ ഇന്റര്‍നെറ്റില്‍ സ്ഥിരമായി അശ്ലീല ദൃശ്യങ്ങള്‍ തിരയുന്നവരാണ്. 200 പേര്‍ ഇടയ്ക്കിടെ അശ്ലീലം പരിശോധിക്കും. 1000 പേരില്‍ 900 പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനാണ്. ഇവരുടെ ശരാശരി സോഷ്യല്‍ മീഡിയ ഉപയോഗം ഒരു ദിവസം 17 മണിക്കൂറാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അശ്‌ളീല ദൃശ്യങ്ങള്‍ കാണുന്നവര്‍ ഇവ പ്രചരിപ്പിക്കുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Top