ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍പ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പി.ആര്‍ കമ്പനി

തിരുവനന്തപുരം : നിയമവിരുദ്ധപ്രവര്‍ത്തിക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും നിരവധി കേസുകളില്‍ പ്രതിയുമായ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പി ആര്‍ കമ്പനി രംഗത്ത്. പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്റെ നേതൃത്വത്തിലുളള പബ്ലിക് റിലേഷന്‍ കമ്പനിയെയാണ് ഈ വിവാദ ഐ.പി.എസുകാരന്റെ മുഖം മിനുക്കാന്‍ രംഗത്തിറക്കിയിരിക്കുന്നത്.

ഭരണ മാറ്റമുണ്ടായാലും നിലവിലെ സാഹചര്യത്തില്‍ തഴയപ്പെടുമെന്ന് കണ്ട പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് ലക്ഷങ്ങള്‍ മുടക്കി ഈ ഉദ്യോഗസ്ഥന്‍ പി.ആര്‍. കമ്പനിയെ സമീപിച്ചത്.പ്രമുഖ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പേയ്ഡ് ന്യൂസായി അഭിമുഖങ്ങളും ഈ ഉദ്യോഗസ്ഥനെ പുകഴ്ത്തുന്ന തരത്തില്‍ വന്നുതുടങ്ങിയിട്ടുണ്ട്. മലയാളത്തിലെ ചാനലുകളിലെ ജനപ്രിയ പരിപാടികളില്‍ അതിഥിയായി ഈ ഉദ്യോഗസ്ഥനെ ക്ഷണിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ ശ്രമമാണ് പി.ആര്‍. കമ്പനിയുടെ ഇടപെടല്‍ പുറത്താവാന്‍ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാ താരങ്ങളുടെ പോലെ ഈ ഉദ്യോഗസ്ഥന്റെ പേരിലും ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ചാണ് സോഷ്യല്‍മീഡിയയിലെ പ്രചരണം. കടുത്ത അച്ചടക്ക വിരുദ്ധനടപടിയായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കയ്യിലിരിപ്പുമൂലം നേരത്തെ പോലീസ് ആസ്ഥാനം തയ്യാറാക്കിയ ക്രിമിനല്‍ പട്ടികയില്‍ ഇടം പിടിച്ച ഈ ഉദ്യോഗസ്ഥന്‍ വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട ഇടപാടില്‍ മാസങ്ങളോളം സസ്‌പെന്‍ഷനിലായിരുന്നു. നിലവില്‍ വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഈ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ഈ അടുത്തയിടെ വരെ സുപ്രധാന പദവികള്‍ നല്‍കിയിരുന്നില്ല.

ഇപ്പോള്‍ സമ്മര്‍ദ്ദം ‘ചെലുത്തി’ വാങ്ങിയ തസ്തികയിലിരുന്ന് അന്വേഷിക്കുന്ന കേസുകളിലെ വിവരങ്ങളും സെല്‍ഫ് പ്രൊമോഷനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്. സര്‍വ്വീസിലുള്ള എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്ന് എ.ഡി.ജി.പി മാര്‍ വ്യത്യസ്ത സംഭവങ്ങളില്‍ ഈ വിവാദ ഐ.പി.എസുകാരനെതിരെ നടപടിയെടുക്കാന്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി തന്നെ മുന്‍പ് പിഴ അടപ്പിച്ചിട്ടുമുണ്ട്.

മേല്‍ സംഭവങ്ങളിലെല്ലാം പോലീസ് സേനക്കുള്ളില്‍ ഇമേജ് നഷ്ടമായിരുന്നെങ്കിലും രാഷ്ട്രീയക്കാരുടെ കാല് പിടിച്ച് നടപടികളില്‍ നിന്ന് സമര്‍ത്ഥമായി തലയൂരിയിരുന്നു.

എന്നാല്‍ വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടില്‍ സസ്‌പെന്‍ഷനിലായതോടെ മുഖംമൂടി പൊതു സമൂഹത്തിന് മുന്നില്‍ അഴിഞ്ഞുവീഴുകയായിരുന്നു. ഈ ഉദ്യോഗസ്ഥന്റെ നെഗറ്റീവ് ഇമേജ് ഇയാളുടെ നേതൃത്വത്തില്‍ അനേ്വഷിക്കുന്ന കേസുകളുടെ വിശ്വാസ്യതയെ പോലും ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ ഇടയാക്കിയിരിക്കുകയാണ്.

Top