ബിരിയാണി ഹംസ: ഐ.എസിന്റെ കേരള അമീർ; ലക്ഷ്യം കേരളത്തെ ഭീകരതാവളമാക്കുക

ക്രൈം ഡെസ്‌ക്

കണ്ണൂർ: കേരളത്തെ ഭീകര താവളമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസിൽ ചേർന്നതെന്നു വ്യക്തമാക്കി ഐ.എസിന്റെ കേരള അമീറാകാൻ തയ്യാറെടുത്ത ബിരിയാണി ഹംസയുടെ വെളിപ്പെടുത്തൽ. കേരളം മുഴുവൻ ഐ.എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ഹംസയും കൂട്ടരും തന്ത്രം ഒരുക്കിയിരുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. വളപട്ടണം, ചക്കരക്കല്ല്, ബഹ്‌റിൻ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് സംഘം പ്രവർത്തിക്കുന്നത്. ബഹ്‌റിൻ ഗ്രൂപ്പിന്റെ അമീറാണ് ഹംസയെന്ന് പറയപ്പെടുന്നു. 20 വർഷത്തോളം ബഹ്‌റിനിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഹംസക്ക് നല്ല മതപാണ്ഡിത്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. അറബി, ഉറുദു ഭാഷകൾ അറിയുന്ന പണ്ഡിതരോട് പോലും ചർച്ച ചെയ്യാൻ ഹംസക്ക് കഴിവുണ്ട്. ബഹ്‌റിനിൽ കുക്കായി ജോലി ചെയ്യുന്ന സമയത്ത് നൈജീരിയൻ സ്വദേശിയായ അൻസാരിയുടെ ബന്ധുവായ ബൊക്കേലറം എന്നയാളുമായി പരിചയപ്പെട്ടിരുന്നു. ഇയാൾ തീവവാദവുമായി ബന്ധമുള്ളയാണെന്നും റാസൽഖൈമ യൂണിവേഴ്‌സിറ്റിയിൽ നിന്നും മതപഠനം നടത്തിയയാളാണെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ നിന്നും സിറിയയിലേക്ക്‌പോയവരിൽ 15 പേർ കൊല്ലപ്പെട്ടുവെന്നാണ് ഹംസ പറയുന്നത്. ആറുമാസം മുമ്പ് സിറിയയിലേക്ക് പോകാൻ മംഗളൂരു എയർപോർട്ടിൽ എത്തിയപ്പോൾ അവിടെ നിന്ന് മനാഫ് റഹ്മാനെ തിരിച്ചയക്കുകയായിരുന്നു. മനാഫിനെ ആദ്യം സിറിയയിലേക്ക് അയച്ച ശേഷം പിന്നാലെ പോകാനായിരുന്നു ഹംസയുടെ പദ്ധതി. മനാമയിലെ അൽഅൻസാർ എന്ന സ്ഥലത്താണ് ഇവിടെ നിന്ന് പോകുന്നവർക്ക് പരിശീലനവും പണവും നൽകിയിരുന്നത്. അവിടെ പരിശീലനം ലഭിച്ചവരെല്ലാം തന്നെ സിറിയയിലേക്ക് പോയിട്ടുണ്ടെന്ന് ഹംസ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ബുധനാഴ്ച കണ്ണൂരിലെത്തി ഇവരെ ചോദ്യം ചെയ്തു.യു എ പി എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. മൂന്നുപേരെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ വി അബ്ദുൽ റസാഖ് (24), മുണ്ടേരി കൈപ്പക്കയിൽ കെ സി മിഥിലാജ് (26), മുണ്ടേരി പടന്നോട്ട്‌മെട്ട എം വി ഹൗസിൽ എം വി റാഷിദ് (23) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.മാതൃരാജ്യത്തോട് തന്നെ യുദ്ധം ചെയ്യുക എന്നതാണ് തീവ്രവാദ കേന്ദ്രങ്ങളിൽ പരിശീലനം നേടിയശേഷം തിരിച്ചെത്തുന്നവരുടെ പദ്ധതി. ഇന്ത്യയിൽ പ്രത്യേക ഇസ്ലാം രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. അവിശ്വാസികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിശ്വാസികൾ ഹിജറ (പലായനം) ചെയ്യണമെന്നുമാണിവരുടെ ആശയം. തീവ്രവാദ ക്ലാസുകളെല്ലാം തന്നെ ഇവർക്ക് നൽകുന്നത് ബഹ്‌റൈനിലാണെന്നാണ് ഹംസ പറയുന്നത്.

സംഘടനയുടെ തലവനായ അമീർ ആവുകയെന്നതാണ് ഹംസയുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് ജില്ലയിൽ നിന്ന് ആളുകളെ കൂട്ടത്തോടെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്തത്. കനകമലയിൽവെച്ച് ദേശീയ അന്വേഷണ ഏജൻസി തീവ്രവാദികളെ പിടികൂടിയത് മുതൽ ഹംസ രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു. ബഹ്‌റൈനിൽ ഹോട്ടലിൽ കുക്കായി ഇരുപത് വർഷത്തോളം സേവനമനുഷ്ഠിച്ച ഹംസ താലിബൻ ഹംസയെന്ന പേരിലാണ്  അറിയപ്പെടുന്നത്. തലശ്ശേരിക്കാർ ബിരിയാണി ഹംസയെന്നും വിളിക്കുമെന്ന് പോലീസ് പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട് അഞ്ചുപേർ ഒന്നിച്ച് പിടിയിലാവുന്നത് ആദ്യമാണെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. ആസ്‌ത്രേലിയ, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങൾ ഹംസ സന്ദർശിച്ചിട്ടുണ്ടെന്നും വ്യാജ പാസ്‌പോർട്ടിൽ പിടിയിലായശേഷം നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച അറസ്റ്റിലായ അബ്ദുൽ റസാഖ്, മിഥിലാജ്, റാഷിദ് എന്നിവർ പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.

Top