വാഷിങ്ടൻ : ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷിയെ വധിച്ചു .അമേരിക്ക സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ വെളിപ്പെടുത്തി.
സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിലാണ് ഖുറേഷി കൊലപ്പെടുത്തിയതെന്ന് ജോ ബൈഡന്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് സേനയുടെ പ്രത്യേക സംഘമാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച അര്‍ധരാത്രി തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ ഇഡ്‌ലിബ് പ്രവിശ്യയിലായിരുന്നു ആക്രമണം. ഖുറൈഷിയെ ലക്ഷ്യം വച്ചായിരുന്നു സൈനിക നീക്കം.
വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച നടത്തിയ സൈനിക നീക്കത്തിലാണ് ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടത്. സൈനികരുടെ ധീരതയ്ക്കു നന്ദി അറിയിക്കുന്നതായും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. സൈനിക നീക്കത്തിനു ശേഷം യുഎസ് സൈനികരെല്ലാം തിരിച്ചെത്തിയെന്നും ബൈഡൻ അറിയിച്ചു. ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടതായാണു പ്രാഥമിക വിവരം.
2019 ഒക്ടോബർ 31നാണ് ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി ഭീകരസംഘടനയുടെ തലപ്പത്തെത്തിയത്. ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ യുഎസ് വധിച്ചതിനു പിന്നാലെയായിരുന്നു നീക്കം. ബഗ്ദാദി മരിച്ച അതേരീതിയിലായിരുന്നു ഖുറേഷിയും കൊല്ലപ്പെട്ടതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. യുഎസ് സൈന്യം എത്തിയപ്പോൾ കുടുംബത്തോടൊപ്പം ഭീകര സംഘടനാ തലവൻ ബോംബുപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സിറിയയിൽ കൂടുതൽ ആക്രമണങ്ങള്‍ നടത്തി ശക്തി പ്രാപിക്കാൻ ഐഎസ് ശ്രമിക്കുന്നതിനിടെയാണ് അവരുടെ തലവനെ തന്നെ യുഎസ് വകവരുത്തിയത്. പ്രദേശത്തെ ഒരു ജയിൽ പിടിച്ചെടുക്കുന്നതിന് ഐഎസ് ഭീകരർ പത്തു ദിവസത്തോളം പോരാടിയിരുന്നു. ഹെലികോപ്റ്ററിലെത്തിയ യുഎസ് സൈന്യം വീട് ആക്രമിക്കുകയായിരുന്നെന്നും രണ്ടു മണിക്കൂറോളം ഭീകരരുമായി പോരാടിയതായും ദൃക് സാക്ഷി വാർത്താ ഏജൻസിയോടു പറഞ്ഞു. തുർക്കി അതിർത്തിയോടു ചേർന്ന അത്മെ നഗരത്തിലാണ് യുഎസ് സൈനിക നീക്കമുണ്ടായത്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ക്യാംപുകളുള്ള പ്രദേശമാണിത്.