ടൈല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 33പേര്‍ കൊല്ലപ്പെട്ടു. യുഎസ് മദ്ധ്യസ്ഥതയില്‍ ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.ഇന്നലെ ഗാസയില്‍ ഇസ്രയേല്‍ സൈനികരെ ആക്രമിച്ചതായും മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിലെ നിബന്ധനകള്‍ ലംഘിച്ചതായും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായ ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍, ആക്രമണവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും വെടിനിര്‍ത്തല്‍ കരാറില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നുമാണ് ഹമാസ് അവകാശപ്പെടുന്നത്.യുഎസിനെ അറിയിച്ചുകൊണ്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി. പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. ഇസ്രയേലി സൈനികരെ കൊലപ്പെടുത്തിയതുകൊണ്ടാണ് അവര്‍ തിരിച്ചടിച്ചതെന്നും അവര്‍ തിരിച്ചടിക്കണമെന്നും ട്രംപ് പറഞ്ഞു.
ആക്രമണം വെടിനിര്‍ത്തിലിനെ അപകടത്തിലാക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.തെക്കന്‍ ഗാസയിലെ റഫാ മേഖലയിലടക്കം ഇസ്രയേലി സൈനികര്‍ക്ക് നേരെ ആക്രമണം നടന്നെന്ന് ആരോപിച്ചായിരുന്നു വ്യോമാക്രമണം. യുഎസിന്റെ മദ്ധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും അംഗീകരിച്ച് പ്രാബല്യത്തിലായ ഗാസാസമാധാന പദ്ധതിയുടെ ഭാവി തുലാസിലാക്കുന്നതാണ് പുതിയ സംഭവങ്ങള്‍. 13 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഹമാസ് വിട്ടുനല്‍കാനുള്ളത്. ഹമാസ് കരാര്‍ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബര്‍ 19ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ട്രംപ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.


