ജയ് ഭീം വിവാദം: വണ്ണിയാര്‍ സമുദായത്തോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍

ചെന്നൈ: സൂര്യയുടെ ഏറ്റവും പുതിയ സൂപ്പർഹിറ്റ് തമിഴ് ചലച്ചിത്രം ജയ് ഭീം വിവാദത്തില്‍ വണ്ണിയാര്‍ സമുദായത്തോട് സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ മാപ്പു പറഞ്ഞു. സിനിമയില്‍ വില്ലനായ പോലീസുകാരനെ വണ്ണിയാര്‍ സമുദായക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ സ്‌റ്റേഷന്റെ ഭിത്തിയില്‍ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടര്‍ തൂക്കിയെന്നായിരുന്നു ആരോപണം.

‘1995 വര്‍ഷത്തെ കാണിക്കാന്‍ വേണ്ടി മാത്രമാണ് കലണ്ടര്‍ തൂക്കിയത്. ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും മുമ്പേ കലണ്ടര്‍ മാറ്റയിരുന്നു. എന്നാല്‍ അതിന് മുമ്പേ കുറേ പേര്‍ ചിത്രം കണ്ടിരുന്നതിനാല്‍ ഈ കലണ്ടറുള്ള രംഗം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. സംവിധായകന്‍ എന്ന നിലയില്‍ തെറ്റിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സൂര്യയ്ക്കല്ലെന്നും ജ്ഞാനവേല്‍ പ്രസ്താവനയില്‍ പറഞ്ഞു’.

സൂര്യയ്ക്കെതിരെ രൂക്ഷമായ പ്രതിഷേധമായിരുന്നു വണ്ണിയാര്‍ സമുദായം നടത്തിയത്. സൂര്യയെ മര്‍ദ്ദിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പാട്ടാളി മക്കള്‍ കക്ഷിയും പ്രഖ്യാപിച്ചിരുന്നു.

Top