ആന്റണിയൊക്കെ വീട്ടിലിരിക്കും ?അടുത്ത മാര്‍ച്ചോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രഡിഡന്‍റാകും :ജയറാം രമേശ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതോടെ യുവാക്കളുടെ പുതിയൊരു സംഘം കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അറുപത് കഴിഞ്ഞ ആളുകള്‍ ഉപദേശക സ്ഥാനങ്ങള്‍ മാത്രമേ വഹിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഇത് എപ്പോഴാണുണ്ടാവുകയെന്ന് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മാത്രമേ അറിയൂ എന്നും അദ്ദേഹം ഹൈദരാബാദില്‍ പി.ടി.ഐയോട് പറഞ്ഞു.
രാഹുല്‍ പ്രസിഡന്‍റായി വരുമ്പോള്‍ പാര്‍ട്ടിയില്‍ ചോരപ്പുഴ ഒഴുകില്ല. മോദി മുതിര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്ത പോലെ രാഹുല്‍ ചെയ്യില്ല. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിന്‍ഹ തുടങ്ങിയവരെ മോദി സൈബീരിയയിലേക്ക് അയച്ചിരിക്കുകയാണെന്നും രാജ്യസഭാ എം.പി പറഞ്ഞു.
ഈ വര്‍ഷാദ്യം രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി ഘടനയും പുതിയ സംഘത്തെയും തീരുമാനിക്കുന്നത് വൈകുന്നതുകൊണ്ടാണ് സ്ഥാനമേല്‍ക്കുന്നത് നീളുന്നതെന്ന് ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

Top