ജമിഅയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തു..!! വിദ്യാർത്ഥിക്ക് പരിക്ക്

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ ജാമിഅയിൽ വിദ്യാർത്ഥിക്കുനേരെ അജ്ഞാതൻ വെടിയുതിർത്തു. പരോലീസ് നോക്കിനിൽക്കെയാണ് തോക്കുയർത്തി ഇന്നാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന് ആക്രോശിച്ചുകൊണ്ട് ഇയാൾ വെടിയുതിർത്തത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. കൈക്ക്‌ പരുക്കേറ്റ ശദാബ്‌ എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് ജാമിഅ വിദ്യാർത്ഥികൾ കലാലയത്തിൽ നിന്നും രാജ്ഗട്ടിലേക്ക്  ലോംഗ് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു. ലോംഗ് മാർച്ച് ആരംഭിക്കുന്നതിനിടെയാണ് അജ്ഞാതൻ സി.എ.എ അനുകൂല മുദ്രാവാക്യങ്ങളുമായി വെടിയുതിർത്തത്. വെടിയുതിർക്കുന്ന ആളുടെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് വിവരം.

വെടിവച്ചയാൾ ഡൽഹി പോലീസിനും ജയ് വിളിക്കുന്നുണ്ടായിരുന്നു. രാജ്യത്തെ ഒറ്റുന്നവരെ വെടിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. ഇദ്ദേഹത്തിൻ്റെ കൊലവിളിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഈ പരാമർശത്തിന് ശേഷം പ്രതിഷേധം നടത്തുന്നവരുടെ ഇടയിലേക്ക് രണ്ടാ തവണയാണ് തോക്കുമായി സിഎഎ അനുകൂലികൾ എത്തുന്നത്.

വെടിവയ്പ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയെ പോലീസ് ചികിത്സ നിഷേധിച്ചെന്നും പരാതി ഉയരുന്നുണ്ട്.  വിദ്യാർത്ഥിയെ പുറത്തെത്തിക്കാൻ പോലീസ് ബാരിക്കേഡുകൾ മാറ്റണമായിരുന്നു. എന്നാൽ പോലീസ് ഇതിന് തയ്യാറായില്ല. പിന്നീട് ചികിത്സക്കായി ബാരിക്കേടിന് മുകളിലൂടെ പരിക്കേറ്റ കയ്യുമായി വലിഞ്ഞ് കയറേണ്ട ദുരവസ്ഥയും വിദ്യാർത്ഥിക്കുണ്ടായി.

Top