ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 9പേര്‍ക്ക് ദാരുണമായി മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പൊലിസ് സ്റ്റേഷനും അടുത്തുള്ള വാഹനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു.
ഫരീദാബാദില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വന്‍ സ്‌ഫോടക ശേഖരമാണ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) സംഘവും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.
മരിച്ചവരില്‍ തഹസീല്‍ദാര്‍ ഉള്‍പ്പെടെ നിരവധി പൊലിസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ അടിയന്തരമായി ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എസ്‌കെഐഎംഎസ്) ആശുപത്രിയിലും ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഐസിയുവില്‍ അതീവ നിരീക്ഷണത്തിലാണ് വെച്ചിരിക്കുന്നത്.
സ്‌ഫോടനത്തിന്റെ തീവ്രതയില്‍ പൊലിസ് സ്റ്റേഷന്റെ പ്രധാന ഭാഗങ്ങള്‍ നിലംപരിശായി. തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സംഭവം ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടതാണെന്ന് പൊലിസ് സൂചിപ്പിക്കുന്നു. ഭീകര സംഘടനയായ ജെയ്ഷയുടെ പ്രവര്‍ത്തകരില്‍ നിന്ന് ഫരീദാബാദില്‍ പിടിച്ചെടുത്ത ഏകദേശം 3000 കിലോ അമോണിയം നൈട്രേറ്റാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നവംബര്‍ 10-ന് ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.
പ്രദേശത്ത് സുരക്ഷാ ഏര്‍പ്പെടുത്തിയ സൈന്യവും പൊലിസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.


