തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്നു കഴിഞ്ഞ മാർച്ചു മുതൽ കാണാതായ ജെസ്ന മരിയ ജെയിംസ് വിദേശത്തേക്ക് പോയിട്ടുണ്ടോയെന്നറിയാൻ റീജണൽ പാസ്പോർട്ട് ഓഫീസർമാരുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ സൈബർ വിദഗ്ധരും വനിതാ ഇൻസ്പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘം ഇതുവരെ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകൾ പരിശോധിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങളിൽ ലുക്ക്ഒൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു.ബംഗളുരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പുർ, കാഞ്ചിപുരം എന്നിവിടങ്ങളിലും അന്വേഷണം നടത്തിയെന്നും പി.സി.ജോർജിന്‍റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
മാർച്ച് 22 രാവിലെ 10.30: എരുമേലിക്കടുത്ത് കൊല്ലമുളയിൽനിന്ന് ജെസ്നയെ കാണാതാകുന്നു .മാർച്ച് 29: മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസിൽ ജെസ്ന യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുന്നു.ഏപ്രിൽ 1: രാജു ഏബ്രഹാം എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനെത്തുടർന്ന് തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖര പിള്ളയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.മേയ് 8: ജെസ്നയെ ബെംഗളൂരുവിൽ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്നുവിവരം. അന്വേഷണ സംഘം ദിവസങ്ങളോളം ബെംഗളൂരുവിൽ അന്വേഷിച്ചെങ്കിലും ഫലമില്ല .മേയ് 11: ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. പൊലീസ് നൽകിയ ഫോൺ നമ്പരിലേക്ക് ഒട്ടേറെ കോൾ വന്നെങ്കിലും ജെസ്നയിലേക്ക് എത്താൻ പറ്റുന്ന വിവരം ലഭിച്ചില്ല.മേയ് 27: അന്വേഷണച്ചുമതല ഐജി മനോജ് ഏബ്രഹാമിനു നൽകി ഡിജിപി ഉത്തരവിടുന്നു. ജെസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികം അഞ്ചു ലക്ഷമാക്കിയിരുന്നു .