കോട്ടയം:മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി പ്രചരിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം യാത്ര തിരിച്ചത്. തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെട്ട ആറംഗ സംഘം ബംഗളൂരുവില്‍ എത്തുന്നുണ്ട്.അതേസമയം ബംഗളൂരുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ യുവതി മുക്കൂട്ടുതറയിൽ കാണാതായ ജെസ്ന മരിയ ജയിംസ് (20) തന്നെയെന്നു സൂചന. ബംഗളൂരു ധർമാരാമിനു സമീപം ആശ്വാസ് ഭവനിൽ ശനിയാഴ്ച ഉച്ചയ്ക്ക് 11.30ന് ഒരു യുവാവിനൊപ്പമെത്തിയ യുവതിക്ക് ജെസ്നയുമായി ഏറെ സാമ്യമുണ്ടെന്ന് അവിടെ സേവനം ചെയ്യുന്ന പാലാ സ്വദേശി ഗണപതിപ്ലാക്കൽ ജോർജ് പറഞ്ഞു.
മുടി നീട്ടി, അല്പം ദീക്ഷയുള്ള 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പം അത്യാഡംബര ബൈക്കിലാണ് ഇരുവരും എത്തിയത്. ബംഗളൂരുവിൽ വിവിധ ആശുപത്രികളിലും മറ്റും സൗജന്യമായി ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സേവനവിഭാഗമായ ആശ്വാസിലാണ് ജോർജ്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് താനെത്തിയതെന്നും ഇപ്പോൾ വരുന്നത് ആശുപത്രിയിൽ നിന്നാണെന്നും യുവതി വെളിപ്പെടുത്തി.
ഒരാഴ്ച മുന്പ് ബൈക്ക് യാത്രയ്ക്കിടയിൽ അപകടം സംഭവിച്ചെന്നും ഏതാനും ദിവസം ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽ യുവാവ് ചികിത്സയിലായിരുന്നെന്നും ഇവർ പറഞ്ഞു. ഉണങ്ങിയ മുറിവിന്‍റെ പാടും തലയിലെ പൊടിയും ഇവർ ബാത്ത് റൂമിൽ കയറി കഴുകുകയും ചെയ്തു. വിശദമായി ചോദിച്ചപ്പോൾ മണിമല സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞു. മണിമലയിലെ തന്‍റെ ബന്ധുക്കളുടെ പേരും വീട്ടുപേരും ജോർജ് പറഞ്ഞപ്പോൾ താൻ മുക്കൂട്ടുതറ സ്വദേശിയാണെന്നും പേര് ജെസ്ന മരിയ എന്നാണെന്നും വെളിപ്പെടുത്തി.
വിവാഹിതരാകാനുള്ള താത്പര്യത്തിലാണ് വന്നതെന്ന് ഇവർ പറഞ്ഞപ്പോൾ സ്ഥാപനത്തിന് ഇക്കാര്യത്തിൽ ചില തടസങ്ങളുള്ളതായി ആശ്വാസുമായി ബന്ധപ്പെട്ട ഒരു വൈദികൻ പറഞ്ഞതായാണ് സൂചന. ഈ സ്ഥാപനത്തിൽ താമസിക്കാൻ മുറി വാടകയ്ക്ക് കിട്ടുമോയെന്നും ഇവർ തിരക്കിയിരുന്നു. ചെങ്കോട്ടവഴി ബൈക്കിലാണ് ബംഗളൂരുവിലെത്തിയതെന്നും കഴിഞ്ഞയാഴ്ച അപകടത്തിൽ പണം നഷ്ടപ്പെട്ടുവെന്നും ഇവർ പറഞ്ഞു.
യുവാവ് ഓടിച്ചുവന്ന ബൈക്ക് ഏറെ വിലയുള്ളതും ഫോർ രജിസ്ട്രേഷൻ നോട്ടീസ് ഒട്ടിച്ചതുമാണ്. ഇത്തരത്തിലുള്ള 100 ബൈക്കുകൾ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളുവെന്നും 90-ാമത്തെ ബൈക്കാണ് ഇതെന്നും യുവാവ് പറഞ്ഞു. ഇയാൾ മുണ്ടക്കയം സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞെങ്കിലും തൃശൂർ ജില്ലയിലെ സംസാര രീതിയാണ് കേൾക്കാനായതെന്നും ജോർജ് വ്യക്തമാക്കി. കൈവശം വലിയൊരു ബാഗും ഇവർക്കുണ്ടായിരുന്നു. ഷാൾകൊണ്ട് തലമറച്ച യുവതിയുടെ പല്ല് സ്റ്റീൽ ഫ്രെയിമിൽ കെട്ടിയിരുന്നതായും ജോർജ് ശ്രദ്ധിച്ചിരുന്നു.
മുക്കൂട്ടുതറയിൽ നിന്നും ജെസ്നയുടെ ബന്ധുക്കൾ അയച്ചുനല്കിയ ഫോട്ടോയുമായി യുവതിക്കു നല്ല സാദൃശ്യമുണ്ടെന്നു ജോർജും അവിടെയുള്ള പാചകക്കാരും ഉറപ്പിക്കുന്നു. ബംഗളൂരുവിൽനിന്നു മൈസൂരിലേക്കു പോകുന്നതായി പറഞ്ഞ് ഒന്നരയോടെ ബൈക്കിൽ ഇവർ പുറപ്പെടുകയും ചെയ്തുവെന്നാണ് ജോർജ് പറയുന്നത്.
അതേസമയം ആണ്‍സുഹൃത്തിന്റെ കൂടെ ജെസ്‌നയുടേതെന്ന പേരില്‍ പ്രചരിക്കന്ന ചിത്രം കുട്ടിയുടേതല്ലന്ന് വീട്ടുകാര്‍ അറിയിച്ചു. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി പ്രചരിക്കുന്ന വാര്‍ത്ത അന്വേഷണത്തിന്റെ വഴി തെറ്റിക്കുമോയെന്ന ആശങ്കയും കുടുംബത്തിനുണ്ട്. ജെസ്‌നയെ പൊലീസ് കണ്ടെത്തിയാല്‍ മാത്രമേ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പോകൂ.ജെസ്‌നയുടെ ചിത്രത്തിലുള്ള അതേ സ്‌കാര്‍ഫാണ് ബംഗളൂരുവില്‍ കണ്ട പെണ്‍കുട്ടി ധരിച്ചിരുന്നതെന്ന് വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ആ സ്‌കാര്‍ഫ് ജെസ്‌ന കൊണ്ടു പോയില്ലെന്ന് സഹോദരി പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.
ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്‌ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.