ദുരൂഹതകള്‍ ബാക്കി; ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത്. ഏറെ കാലമായി രഹസ്യമായി സൂക്ഷിച്ചിരുന്ന തെളിവുകളുടെ ഒരു ഭാഗമാണ് യുഎസ് സര്‍ക്കാര്‍ പുറത്ത് വിട്ടത്. എന്നാല്‍ മുഴുവല്‍ രേഖകളും വെളിപ്പെടുത്താത്തതിനാല്‍ ഏറെ കാലമായി തുടരുന്ന ദുരൂഹതകള്‍ക്ക് വിരാമമാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മുഴുവന്‍ തെളിവുകളും പുറത്ത് വിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (സിഐഎ) യുടെയും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് ചില രേഖകള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാറിന്റെ വാദം. ടെക്സസിലെ ഡാലസില്‍ 1963 നവംബര്‍ 22ന് ഉച്ചയ്ക്ക് 12.30നാണ് അന്നത്തെ രാഷ്ട്രതലവനായിരുന്ന ജോണ്‍ എഫ് കെന്നഡി വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു ഇരുപത്തിനാലുകാരനായ ഓസ്വാള്‍ഡ്. ആ കെട്ടിടത്തില്‍ നിന്നാണു അയാള്‍ കെന്നഡിയുടെ നേരെ വെടിയുതിര്‍ത്തത്. അറസ്റ്റു ചെയ്ത് മണിക്കൂറുകള്‍ക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു ഓസ്വാള്‍ഡും കൊല്ലപ്പെട്ടു.

പൊലീസ് വിലങ്ങ് വച്ചു കൊണ്ടുപോകുമ്പോള്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു കൊലപാതകം. ഓസ്വാള്‍ഡ് എന്തിനാണ് കെന്നഡിയെ വധിച്ചതെന്ന രഹസ്യം പുറത്തുകൊണ്ടുവരാന്‍ ഇതോടെ അന്വേഷണ സംഘത്തിന് കഴിയാതെയായി. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ തടവില്‍ കിടന്ന് ജാക്ക് റൂബിയും മരണത്തിന് കീഴടങ്ങി. കെന്നഡിയെ വധിക്കുന്നതിനു രണ്ടു മാസം മുന്‍പ് ലീ ആറു ദിവസം മെക്സിക്കോ സിറ്റി സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ ക്യുബന്‍, സോവിയറ്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പറയപ്പെടുന്നു. ഇതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതിലേറെയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തെ ഞെട്ടിച്ച ജോണ്‍ എഫ് കെന്നഡി വധം സംബന്ധിച്ച് നിരവധി വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഹാര്‍വി ഓസ്വാള്‍ഡിന് പുറമെ രണ്ടാമതൊരാള്‍ കൂടി കെന്നഡിക്ക് നേരെ നിറയൊഴിച്ചിട്ടുണ്ടെന്ന് പറയുന്നവരുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റൊണാള്‍ഡ് ട്രംപും ഇത്തരമൊരു ഗൂഢാലോചന സിദ്ധാന്തം ആരോപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മത്സരാര്‍ത്ഥിയായിരുന്ന ടെഡ് ക്രൂസിന്റെ പിതാവ് റാഫേല്‍ ക്രൂസ് ആ സമയത്ത് ഓസ്വാള്‍ഡിനൊപ്പം ഉണ്ടായിരുന്നെന്നും റാഫേലാണ് വെടി വച്ച മറ്റേയാള്‍ എന്നുമാണ് ട്രംപ് പറഞ്ഞത്.

Top