കോവിഡ് പരിശോധനയ്ക്കിടെ ഒടിഞ്ഞ സ്റ്റിക്കിന്റെ അഗ്രം പതിനേഴുകാരന്റെ മൂക്കിലിരുന്നത് മൂന്നുദിവസം ; പരിശോധനയ്ക്കിടെ കുട്ടി തല വെട്ടിച്ചപ്പോൾ അഗ്രം ഒടിഞ്ഞതാകാമെന്ന് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ

പത്തനംതിട്ട : കോന്നിയിൽ കോവിഡ് പരിശോധനയ്ക്കിടെ ഒടിഞ്ഞ പരിശോധനാ സ്റ്റിക്കിന്റെ അഗ്രം പതിനേഴുകാരന്റെ മൂക്കിലിരുന്നത് മൂന്നുദിവസം. കോന്നി മങ്ങാരം കല്ലുവിളയിൽ മനോജിന്റെ മകൻ ജിഷ്ണു മനോജിന്റെ നാസാദ്വാരത്തിലാണ് പരിശോധനാ സ്റ്റിക്ക് ഒടിഞ്ഞു കയറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതാവ് കോവിഡ് ബാധിതയായതിനേ തുടർന്ന് ജിഷ്ണു കുടുംബാംഗങ്ങൾക്കൊപ്പം കഴിഞ്ഞ 14നാണ് ആർടിപിസിആർ പരിശോധനയ്ക്കു കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിയത്. പരിശോധനയക്കു ശേഷം ജിഷ്ണുവിന് ശക്തമായ തലവേദനയും തുമ്മലും ആരംഭിച്ചെങ്കിലും കോവിഡിന്റെ ലക്ഷണമാണെന്നാണ് കുടുംബം കരുതിയത്.

പിന്നീട് ദിവസങ്ങൾ പിന്നിട്ടും തുമ്മലും തലവേദനയും മാറാതേ വന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെ അറിയിച്ചെങ്കിലും കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കാനായിരുന്നു നിർദേശം.

പരിശോധനാ ഫലത്തിൽ കോവിഡ് പോസിറ്റീവായിട്ടും തുമ്മൽ കുറഞ്ഞില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ശക്തമായ തുമ്മലിൽ കൂടുതൽ സ്രവം പുറത്ത് വന്നപ്പോഴാണ് ജിഷ്ണു സ്റ്റിക്കിന്റെ അഗ്രം കണ്ടെത്തുന്നത്.

സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.എന്നാൽ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ആർഎംഒ ഡോ.അജയ് ഏബ്രഹാം പറഞ്ഞു.

പരിശോധനയ്ക്ക് എത്തിയ കൂട്ടി തല വെട്ടിച്ചപ്പോൾ സ്റ്റിക്ക് ഒടിഞ്ഞതാകാം. എന്തെങ്കിലും അസ്വസ്ഥത ഉണ്ടോയെന്ന് ഡ്യൂട്ടി ഡോക്ടർ അന്വേഷിച്ചശേഷമാണ് വീണ്ടും സ്രവം ശേഖരിച്ചത്.

ഇപ്പോൾ മൂക്കിൽ തടസമില്ലെന്നും ഒടിഞ്ഞ അഗ്രം പുറത്ത് പോയതായും ജിഷ്ണു പറഞ്ഞിരുന്നുവെന്നും ആർഎംഒ വ്യക്തമാക്കി.

Top