ഭരണം തുടരാൻ കെ.കെ ശൈലജ ശരണം: കഴിഞ്ഞ തവണ വി.എസ് എങ്കിൽ ഇക്കുറി ശരണം കെ.കെ ഷൈലജ ടീച്ചർ: തുടർ ഭരണത്തിന് പിണറായിക്ക് ആശ്രയം ആരോഗ്യ മന്ത്രിയുടെ പ്രതിഛായ

തിരുവനന്തപുരം: കഴിഞ്ഞ തവണ വി.എസിനെ മുന്നിൽ നിർത്തി ഭരണം പിടിച്ച പിണറായി ഇക്കുറി, തുടർ ഭരണത്തിന് ആശ്രയിക്കുക ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ. വി.എസിൻ്റെ പ്രഭാവമായിരുന്നു കഴിഞ്ഞ തവണ ഇടത് മുന്നണിയെ അധികാരത്തിൽ കയറ്റിയത്. ഇക്കുറി പിണറായിയെ മാത്രം ആശ്രയിച്ചാൽ അധികാരം നില നിർത്താനാവുമോ എന്ന് സംശയിച്ചാണ് സി.പി.എം ആരോഗ്യ മന്ത്രി കെകെ ശൈലജയെ മുന്നിൽ നിർത്തുന്നത്.

കെ.കെ ശൈലജ യെ കണ്ണൂര്‍ ജില്ലയില്‍ തന്നെ മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ട്. പേരാവൂരില്‍ ശൈലജ ടീച്ചറെ മത്സരിപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍. ഇവിടെ ശൈലജ ടീച്ചര്‍ മത്സരിച്ചാല്‍ ജയിക്കാമെന്നാണ് സിപിഎം കണക്കു കൂട്ടല്‍. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാറിന് വീണ്ടും മത്സരിക്കാം. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും മത്സരിക്കുന്നതിന് ഇളവ് നല്‍കാനും സാധ്യതയുണ്ട്. പരമാവധി സീറ്റില്‍ ജയിക്കുകയാണ് സിപിഎം ലക്ഷ്യം.

അതുകൊണ്ട് തന്നെ ജയസാധ്യത മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തും. കോട്ടയത്തെ ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പും പത്തനംതിട്ടയിലെ റാന്നിയില്‍ രാജു എബ്രഹാമും മത്സരിക്കുന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഏറ്റുമാനൂര്‍ സീറ്റില്‍ കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനും കണ്ണുണ്ട്. റാന്നിയില്‍ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിക്ക് കൊടുക്കാനാണ് സാധ്യത. സിപിഎമ്മാണ് മത്സരിക്കുന്നതെങ്കില്‍ രാജു എബ്രഹാമിന് വീണ്ടും അവസരം കിട്ടും. രാജുവല്ലാതെ മറ്റൊരു സിപിഎം സ്ഥാനാര്‍ത്ഥിക്ക് റാന്നിയില്‍ വിജയസാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. ഘടകക്ഷികളുമായുള്ള ചര്‍ച്ചകളിലാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കു. കൂത്തുപറമ്പ് വടകര, കല്‍പ്പറ്റ സീറ്റുകള്‍ ഇത്തവണ എല്‍ജെഡിക്ക് നല്‍കും. ഈ സാഹചര്യത്തിലാണ് ശൈലജ ടീച്ചര്‍ മണ്ഡലം മാറുന്നത്.

നേരത്തെ രണ്ട് ടേം മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുതെന്ന് കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരുന്നു. ലോക്‌സഭയിലേക്ക് മത്സരിച്ചവരേയും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ ഭരണത്തിന് സാധ്യതയുള്ളതിനാല്‍ ഇതു വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ജയസാധ്യത നോക്കി മാത്രം സീറ്റ് നല്‍കും. അങ്ങനെ വരുമ്പോള്‍ സിറ്റിങ് എംഎല്‍എമാരില്‍ രണ്ട് ടേമില്‍ കൂടുതല്‍ ജയിച്ച പലര്‍ക്കും വീണ്ടും സീറ്റ് കിട്ടും. സിപിഎം കോട്ടകളില്‍ മാത്രമാകും രണ്ട് ടേം നിബന്ധന പൂര്‍ണ്ണമായും നടപ്പാക്കുക. പരമാവധി യുവാക്കള്‍ക്ക്

കൂത്തുപറമ്പില്‍ എല്‍ജെഡിയുടെ കെപി മോഹനനെ തോല്‍പ്പിച്ചാണ് ശൈലജ നിയമസഭയില്‍ എത്തിയത്. എല്‍ജെഡിയുടെ ശക്തി കേന്ദ്രമാണ് ഇവിടം. ഈ സീറ്റ് എല്‍ജെഡിക്ക് നല്‍കുന്നത് ഈ സാഹചര്യത്തിലാണ്. പകരം പേരാവൂരില്‍ ശൈലജയെ മത്സരിപ്പിക്കും. തിരുവനന്തപുരത്തെ നേമത്തേക്കും ശൈലജ ടീച്ചറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ പേരാവൂര്‍ അല്ലെങ്കില്‍ മലമ്പുഴ എന്ന മണ്ഡല പരിഗണനയാണ് ശൈലജയ്ക്ക് നല്‍കുന്നത്. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനാണ് എംഎല്‍എ. അവിടെ ബിജെപിയുടെ കടുത്ത വെല്ലുവിളിയുണ്ട്. ഇത് പരിഗണിച്ചാണ് ശൈലജയം മലമ്ബുഴ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന. അങ്ങനെ വന്നാല്‍ സിപിഎം സെക്രട്ടറിയായ എ വിജയരാഘവന്റെ മലമ്പുഴ മോഹം പൊളിയും.

2006ല്‍ പേരാവൂരിലെ എംഎല്‍എയായിരുന്നു ശൈലജ. 2011ല്‍ സണ്ണി ജോസഫിനോട് തോറ്റു. ആരോഗ്യമന്ത്രിയെന്ന ഗ്ലാമറില്‍ ശൈലജ പേരാവൂരില്‍ മത്സരിച്ചാല്‍ വീണ്ടും ജയിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂര്‍ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂര്‍ , കീഴൂര്‍-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു പേരാവൂര്‍ നിയമസഭാമണ്ഡലം. സിപിഎം മേഖലയിലെ വോട്ട് മുഴുവന്‍ കൈക്കലാക്കി ശൈലജയെ ജയിപ്പിക്കാനാണ് ആലോചന. എന്നാല്‍ കോണ്‍ഗ്രസിന്റെ കണ്ണൂരിലെ കോട്ടകളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ശൈലജ തോറ്റാല്‍ അത് പലവിധ ചര്‍ച്ചകള്‍ക്കും വഴിവക്കും. ഈ സാഹചര്യത്തിലാണ് മലമ്പുഴയിലെ ചര്‍ച്ചകള്‍.

സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ് മലമ്പുഴ. കഴിഞ്ഞ തവണ ഇവിടെ ബിജെപി രണ്ടാമത് എത്തി. ഇത്തവണയും രണ്ടും കല്‍പ്പിച്ച്‌ ബിജെപി പ്രചരണത്തില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ക്ലീന്‍ ഇമേജുള്ള ശൈലജയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. രണ്ട് ടേം നിബന്ധന പ്രദീപിന് ബാധകമാക്കില്ല. പ്രദീപ് കുമാറിനോട് പ്രചരണത്തില്‍ സജീവമാകാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ജയസാധ്യത കണക്കിലെടുത്താണ് ഇത്.

ആലപ്പുഴയില്‍ തോമസ് ഐസക്കിന് മത്സരിക്കാന്‍ പൂര്‍ണ്ണ താല്‍പ്പര്യമില്ല. എന്നാല്‍ ഈ സീറ്റ് ഉറപ്പിക്കാന്‍ ഐസക് അനിവാര്യതായണെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ഐസക്കിന് മത്സരിക്കാന്‍ സാധ്യത തെളിയുന്നത്. അമ്പലപ്പുഴയില്‍ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കി ജി സുധാകരനും മത്സരിക്കും. സുധാകരനും ജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.

സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി സിപിഎം. രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. മാര്‍ച്ച്‌ പത്തിനു മുന്‍പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ജില്ലാ കമ്മിറ്റി യോഗങ്ങള്‍ തിങ്കളാഴ്ച മുതല്‍ ചേരും. സംസ്ഥാനസമിതി അടുത്ത മാസം നാലിനും ചേരും. സിപിഎമ്മിന്റെ അക്കൗണ്ടില്‍ നിന്നാകും സീറ്റുകള്‍ വിട്ടുനല്‍കുക. കഴിഞ്ഞതവണ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമാണ് മത്സരിച്ചത്. സിപിഐയുടെ അക്കൗണ്ടില്‍ നിന്ന് സീറ്റുകള്‍ വിട്ടുനല്‍കാനുള്ള സാധ്യത കുറവായിരിക്കും. പുതിയതായി വന്ന ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് എം 15 സീറ്റും എല്‍ജെഡി 7 സീറ്റുമാണ് ചോദിച്ചിരിക്കുന്നത്.

Top