കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയും രാജ്യാന്തര ശ്രദ്ധയിൽ. പ്രശസ്ത അമേരിക്കൻ ദിനപത്രമായ ‘ദി ന്യൂയോർക്ക് ടൈംസ്’ ഒരു മുഴുവൻ പേജാണ് കൂടത്തായി വാർത്തക്കായി നീക്കിവെച്ചത്. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.’6 Deaths, a Trail of Cyanide and an Indian Widow;s Stunning Confession’എന്ന തലക്കെട്ടോടെ ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ പത്താം പേജിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. സയനൈഡ് സൂപ്പും ആറു മരണങ്ങളും വിരൽ ചൂണ്ടുന്നത് സീരിയൽ കില്ലറിലേയ്ക്ക് എന്ന തലക്കെട്ടോടെ ഓൺലൈനിലും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ അന്നമ്മ വധക്കേസിലും ജോളി ജോസഫിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം കൊല്ലപ്പെട്ടത് പൊന്നാമറ്റം അന്നമ്മയാണ്. 2002ലാണ് ആദ്യ കൊലപാതകം റിപ്പോർട്ട് ചെയ്യുന്നത്. ആട്ടിൻ സൂപ്പിൽ കലർത്തിയ വിഷം ഉള്ളിൽ ചെന്നായിരുന്നു അന്നമ്മ കൊല്ലപ്പെട്ടത്. അന്നമ്മയുടെ മകൻ ടോം തോമസ് വധക്കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ് റിമാന്റിലാണ് പ്രതിയായ ജോളി ജോസഫ്. ജോളിയുടെ അറസ്റ്റ് കോഴിക്കോട് ജില്ല ജയിലിൽ എത്തിയായിരിക്കും രേഖപ്പെടുത്തുക. പേരമ്പ്ര സിഐക്കാണ് അന്നമ്മ വധക്കേസിലെ അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യാജ ഒസ്യത്തുയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൂടാതെ വ്യാജ ഒസ്യത്ത് തയ്യാറാക്കാനെന്ന് കരുതുന്ന ടൈപ്പ്‌റൈറ്ററും പെന്നാമറ്റത്തെ വീട്ടിൽനിന്ന് അന്വേഷണസംഘം കണ്ടെത്തി. അതിനിടെ റോയ് തോമസ് വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. താമശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു മേൽ കോടതിയിൽ ഹർജി നൽകിയത്. ഇതും കോടതി തള്ളുകയായിരുന്നു.
കൂടത്തായി കൊലപാതക പരമ്പയിലെ ആറ് മരണങ്ങളും വിഷം ഉള്ളിൽ ചെന്ന്തന്നെയാണെന്നാണ് പോലീസ് നിഗമനം. കേസന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ ബോർഡാണ് ഈ നിഗമനത്തിൽ എത്തിയത്. റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് നേരത്തെ വ്യക്തമായിരിക്കുന്നു. മറ്റ് അഞ്ചു പേരുടെയും ചികിൽസാ റിപ്പോർട്ടുകൾ, കഴിച്ച മരുന്നുകളുടെ പട്ടിക തുടങ്ങിയവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരുടെയും മരണം വിഷം ഉള്ളിൽ ചെന്ന് തന്നെയാണെന്ന നിഗമനത്തിൽ പോലീസ് എത്തുന്നത്.
കൊല്ലപ്പെട്ട സിലി, മകൾ ആൽഫൈൻ എന്നിവർക്ക് അപസ്മാരം ഉണ്ടായിരുന്നതായി ഭർത്താവ് ഷാജുവും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാൽ അപസ്മാരം മൂലം മരിക്കുന്ന സംഭവങ്ങൾ അപൂർവ്വമാണെന്ന് മെഡിക്കൽ ബോർഡ് പോലീസിനെ അറിയിച്ചിരുന്നു. സിലിയെ നേരത്തേ സമാനലക്ഷണങ്ങളുമായി കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചികിത്സ രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളി, മാത്യു, പ്രജികുമാര്‍ എന്നി മൂന്ന് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാ കൊലപാതകങ്ങളും ജോളി തന്നെ നേരിട്ട് വിഷം നല്‍കി നടത്തുകയായിരുന്നെന്നാണ് പോലീസിന്റെ ഇതുവരേയുള്ള കണ്ടെത്തല്‍. ഇതിനുള്ള തെളിവുകളുടെ ശേഖരണത്തിലാണ് പോലീസ്. സയനൈഡ് എത്തിച്ച് നല്‍കി എന്ന കുറ്റമാണ് രണ്ടാംപ്രതി എംഎസ് മാത്യുവിന് നേരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്ക് നേരിട്ട് കൊലപാതകവുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പോലീസ് അന്വേഷണങ്ങളിൽ വ്യക്തമാകുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ.