കൂട്ടക്കൊലപാതകം 6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കും.

കോഴിക്കോട് :കൂടത്തായ് കൊലപാതകക്കേസ് പ്രതികളായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.കൂടുതല്‍ പേരെ താന്‍ കൊലചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നാണ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്ത ജോളി ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി പുത്രി ഉള്‍പ്പെടെ 5 പെണ്‍കുട്ടികളെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അതേസമയം പൊന്നാമറ്റം കുടുംബത്തിലെ രണ്ട് പേര്‍ കൂടി ദുരൂഹമായി കൊല്ലപ്പെട്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ടോം തോമസിന്‍റെ സഹോദര പുത്രന്‍മാരായ രണ്ട് പേരുടെ മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

കേസിന്‍റെ ചുരുളുകള്‍ ഓരോന്നായി അഴിയുമ്പോള്‍ ജോളി വിരിച്ച മരണ വലയില്‍ കുടുങ്ങിയത് നിരവധി പേരാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട ടോം തോമസിന്‍റെ സഹോദര പുത്രന്‍മാരായ സുനീഷ്, ഉണ്ണി എന്ന വിന്‍സെന‍്റ് എന്നിവരുടെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2002 ആഗസ്റ്റ് 24 നാണ് വിന്‍സെന്‍റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ആറ് വര്‍ഷം കഴിഞ്ഞാണ് സഹോദരന്‍ ഡൊമിനിക്കിന്‍റെ മകന്‍ സുനീഷ് മരിച്ചത്. 2008 ജനുവരി 17 നായിരുന്നു ഇത്. ഇരുവരും ജോളിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരാണ്.ജോളിയുമായി മരിച്ചവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സുനീഷിന്‍റെ അമ്മ എല്‍സമ്മ ആരോപിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതുകൂടാതെ ജോളിക്കെതിരെ അടുത്ത ബന്ധുവായ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ജോളി വീട്ടിലെത്തി മടങ്ങിയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചെന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അന്ന് രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നതായും ഇദ്ദേഹം പറയുന്നു. ജോളി മറ്റാര്‍ക്കോ വേണ്ടി ക്വട്ടേഷന്‍ എടുത്തുവോയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിക്കുന്നത്.കുടുംബത്തിലെ രണ്ട് പേര്‍ക്ക് സയനൈഡ് ഉപയോഗിക്കാന്‍ അറിയാമെന്ന് പോലീസിന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ സഹായം ജോളിയ്ക്ക് ഉണ്ടായിരുന്നു. വിഷം നല്‍കിയെന്ന് ആരോപിക്കുന്നവരുടെ കുടുംബത്തില്‍ ഉള്ളവര്‍ മരിച്ചാല്‍ ജോളിയ്ക്ക് അല്ല സ്വത്ത് ലഭിക്കുക. അത് കൊണ്ട് തന്നെ മറ്റാരെങ്കിലും ക്വട്ടേഷന്‍ ജോളിക്ക് നല്‍കിയതാണോയെന്ന സംശയമാണ് ഉയരുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്. അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്. ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ചോദ്യം ചെയ്യും.

അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്‍റെ വാദങ്ങള്‍ തള്ളി ആദ്യ ഭാര്യ സിലിയുടെ സഹോദരങ്ങള്‍ രംഗത്തെത്തി. രണ്ടാം വിവാഹത്തിന് സിലിയുടെ കുടുംബം നിര്‍ബന്ധിച്ചുവെന്നായിരുന്നു ഷാജു പറഞ്ഞത്. എന്നാല്‍ അത് പച്ചക്കള്ളമാണെന്ന് ഇരുവരും പറഞ്ഞു. തങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും ഇരുവരും പോലീസിന് മൊഴി നല്‍കി.ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇനിയും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ വിവാഹം കഴിച്ചൂടെയെന്നായിരുന്നു ചോദിച്ചതെന്നും സിജോയും സഹോദരി സ്മിതയും പോലീസിനോട് പറഞ്ഞു. സിലിയും ഷാജുവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും സഹോദരങ്ങള്‍ വ്യക്തമാക്കി.

അതിനിടെ ജോളിയുടെ കൈയ്യില്‍ മൂന്ന് മൊബൈലുകള്‍ ഉള്ളതായി ഷാജു. ഈ ഫോണുകള്‍ തന്‍റെ കൈയ്യില്‍ ഇല്ലെന്നും ഷാജു പറഞ്ഞു. ജോളിയുടെ ഫോണ്‍ അന്വേഷണ സംഘത്തിനും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ഫോണുകള്‍ പരിശോധിച്ചാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും പോലീസ് പറയുന്നു.

ജോളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന്‍റെ തൊട്ട് മുന്‍പ് വരെ ജോളി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ജോളി സുഹൃത്തുക്കള്‍ക്ക് കൈമാറിയിട്ടുണ്ടാവാന്‍ സാധ്യത ഉണ്ട്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രിയുമായി ജോളിക്ക് അടുത്ത ആത്മബന്ധമുണ്ടെന്നും ഷാജു പറഞ്ഞു.

Top