തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. മാപ്പുസാക്ഷിയാക്കാന്‍ ഓഫറുണ്ടോ എന്ന ചോദ്യത്തോട് അതൊക്കെ രഹസ്യസ്വഭാവമുള്ള കാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നും ഷാജു മീഡിയവണിനോട് പറഞ്ഞു.അതേസമയം കൊലപതാക പരമ്പരകളിൽ താൻ നിരപരാധിയാണെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ഷാജു മാധ്യമങ്ങളോട് വ്യക്തമാക്കി. ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം ഷാജുവിനെ വിട്ടയക്കുകയായിരുന്നു.
ജോളി തന്‍റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയോയെന്ന് സംശയമുണ്ട്. 62,000 രൂപ ശമ്പളം ഉണ്ടെന്നാണ് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ ജോളിയുടെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഷാജു ഒഴിഞ്ഞ് മാറുകയായിരുന്നു.തന്റെ പേരും ഒപ്പും ദുരുപയോഗം ചെയ്ത് ജോളി തന്നെ വ്യാജ കേസിൽ പെടുത്തുമോ എന്ന ഭയമുള്ളതായി ഭര്‍ത്താവ് ഷാജു. ജോളിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഷാജു പറഞ്ഞു.
ഷെയർ മാർക്കറ്റിനെ കുറിച്ചും, മറ്റ് ഇടപാടിനെ കുറിച്ചുമൊന്നും ധാരണയില്ലാത്തയാളാണ് താൻ. പൊലീസുകാർ നോക്കുന്നത് പേരും ഒപ്പും മാത്രമായിരിക്കും. ജോളി സാമർഥ്യക്കാരിയായതിനാൽ വ്യാജ രേഖ ഉണ്ടാക്കല്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല. തന്റെ ഒപ്പ് ആർക്കും ഇടാൻ പാകത്തിലുള്ളതാണെന്നും, ഈ ഭയം ഇപ്പോൾ തനിക്കുണ്ടെന്നുമാണ് ഷാജു പറഞ്ഞത്.ബിനാമി ഇടപാടുകൾ ജോളിക്കുണ്ടായിരുന്നു എന്ന് പറയുന്നതിനെ പറ്റി അറിയില്ല. എന്നാൽ താനറിയാതെ ആരുടെയെങ്കിലും ബിനാമിയായി ജോളി തന്നെ മാറ്റിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണെന്നും ഷാജു പറഞ്ഞു.
ജോളിയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ തനിക്ക് അറിയില്ല. ജോളിക്ക് അവരുടേതായ സ്വാതന്ത്രവും എനിക്ക് എന്റേതായ സ്വാതന്ത്രവും ഉണ്ടായിരുന്നു. അവരുടെ സ്വാതന്ത്രത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നും അറിയില്ലെന്നും ഷാജു വ്യക്തമാക്കി. ജീവിതത്തിൽ ജാഗ്രത കുറവ് ഉണ്ടായെന്നും അങ്ങനെയുണ്ടായാൽ അതിന്റെ പരിണിത ഫലങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരുമെന്നും ഷാജു പറഞ്ഞു.
മകളുടെ മരണകാരണം ചിക്കൻപോക്സോ ഭക്ഷണം നെറുകയിൽ കയറിയതോടെ ആണെന്നാണ് അന്ന് കരുതിയത്. അന്ന് യാതൊരു സംശയവും തോന്നിയിരുന്നില്ല. പിഞ്ചു കുഞ്ഞല്ലെ ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടർമാരും പറഞ്ഞത്. കുഞ്ഞുശരീരം കീറിമുറിക്കേണ്ടതില്ല എന്നാണ് അന്ന് കരുതിയത്. എന്നാൽ നിലവിലെ സംഭവങ്ങൾ കാണുമ്പോൾ അന്ന് പോസ്റ്റ് മോർട്ടം നടത്തയാൽ മതിയായിരുന്നു എന്ന് തോന്നുന്നുവെന്നും ഷാജു വിശദീകരിച്ചു. ഷാജുവിനും സക്കറിയയ്ക്കും കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു എന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്. അതിനാലാണ് പോലീസ് ഷാജുവിനേയും സക്കറിയയേയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. അതേസമയം മൃതദേഹങ്ങളിൽ സയനേഡിന്റെ സാന്നിധ്യം ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായി വിദേശ പരിശോധനയ്ക്ക് അയക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.