കൊച്ചി:കേരളം ഏറെ കൗതുകത്തോടെ വീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് അങ്കം നടക്കുന്ന മണ്ഡലമാണ് അങ്കമാലി.ജനതാദളിലെ ജോസ് തെറ്റയില്‍ പ്രതിനിധീകരിക്കുന്ന ഇവിടെ ഇത്തവണ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തുടക്കം കുറിച്ചിരികുന്നത്.മണ്ഡലത്തില്‍ ഇത്തവണയും തന്റെ പ്രസ്ഥാനമായ ജനതാദള്‍ എസ് തന്നെ മത്സരിക്കുമെന്ന് നിലവിലെ എംഎല്‍എ ജോസ് തെറ്റയില്‍ വ്യക്തമാക്കി.ഇന്ന് ഇടതുപക്ഷമുന്നണിയില്‍ സീറ്റുകളുടെ കാര്യത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി വെച്ചിട്ടുണ്ട്.അങ്കമാലി സീറ്റ് ജെഡിഎസ് തന്നെ മത്സരിക്കുമെന്ന് തെറ്റയില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്.തനിക്ക് വ്യക്തിപരമായ അഭിപ്രായമില്ല.പാര്‍ട്ടിയോടോ മുന്നണിയോടോ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.എല്‍ഡിഎഫ് തീരുമാനം താന്‍ അംഗീകരിക്കുമെന്നും തെറ്റയില്‍ വ്യക്തമാക്കി.കഴിഞ്ഞ പത്ത് വര്‍ഷമായി അങ്കമാലിയെ പ്രതിനിധാനം ചെയ്യുന്നത് ജോസ് തെറ്റയിലാണ്.ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കാനായി.ഇത്തവണയും മണ്ഡലം ചുവക്കുമെന്ന് തെറ്റയില്‍ ശങ്കയില്ലാത്തവിധം ഡിഐഎച്ചിനോട് പറഞ്ഞു.ചരിത്രത്തില്‍ ആദ്യമായി ഒറ്റക്ക് ഇടതുപക്ഷത്തിന് അങ്കമാലി നഗരസഭ ഭരണം ഇത്തവണ ലഭിച്ചു.
ജെഡിഎസ് പ്രതിനിധിയാണ് മുനിസിപാലിറ്റിയിലെ വൈസ് ചെയര്‍മാന്‍.മണ്ഡലത്തിലെ ആകെ പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനാണ് തദ്ധേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ.ഇത് വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും നിലനിര്‍ത്താനാകുമെന്നും അദ്ധേഹം പറഞ്ഞു.
ഇടതുപക്ഷം 98 സീറ്റ് നേടി അധികാരത്തില്‍ വന്നപ്പോള്‍ അങ്കമാലിയില്‍ തനിക്ക് കിട്ടിയത് 6000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്.എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 68 സീറ്റ് ഇടതുപക്ഷം നേടുമ്പോള്‍ അങ്കമാലിയില്‍ 7000ത്തിലധികം വോട്ടിന്റെ ലീഡ് നേടാനായത് മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്ന് കൊണ്ട്മാത്രമാണെന്നും ജോസ് തെറ്റയില്‍ പറയുന്നു.വിവാദങ്ങള്‍ ഒന്നും ഈ തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും മുന്നണി മികച്ച വിജയം അങ്കമാലിയില്‍ ആവര്‍ത്തികുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജോസ് തെറ്റയില്‍ സീറ്റിന് വീണ്ടും അവകാശവാദമുന്നയിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.അങ്കമാലിയിലെ സിപിഎം നേതൃത്വത്തിന് തെറ്റയിലിനെ മത്സരിപ്പിക്കുന്നതിനോട് എതിര്‍പ്പുണ്ടെന്നാണ് സൂചന.ലൈംഗിക ആരോപണം നേരിട്ട അദ്ധേഹം മത്സരിക്കുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി അത് യുഡിഎഫ് പ്രചരണ ആയുധമാക്കുമെന്നുംമുന്നണിയുടെ വിജയത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സിപിഎം ജില്ല ഘടകത്തിന്റെ നിലപാട്.പാര്‍ട്ടികകത്ത് പക്ഷെ തെറ്റയില്‍ മത്സരിക്കുന്നതിനോട് വലിയ എതിര്‍പ്പൊന്നും ഇത് വരെ ഉയര്‍ന്നിട്ടില്ല.
രണ്ട് തവണയാണ് ജോസ് തെറ്റയില്‍ അങ്കമാലില്‍ നിന്ന് വെന്നിക്കൊടി പാറിച്ചത്.കഴിഞ്ഞ തവണ യുഡിഎഫിനായി കേരള കോണ്‍ഗ്രസ്സ് ജെ യിലെ ജോണി നെല്ലൂര്‍ ആണ് മത്സരിച്ചത്.അദ്ധേഹം ഇപ്പോഴേ സീറ്റിനായി അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.എന്തായാലും ജോസ് തെറ്റയില്‍ മത്സരിക്കുമോ എന്നാണ് അങ്കമാലിയും കേരളവും ഇപ്പോഴും ഉറ്റുനോക്കുന്നത്.
അങ്കമാലിയുടെ അങ്കത്തട്ടില്‍ ജോസ് തെറ്റയില്‍ പോരിനിറങ്ങുമോ?.ഇത്തവണയും മണ്ഡലത്തില്‍ ജനതാ ദള്‍ തന്നെ മത്സരിക്കുമെന്ന് തെറ്റയില്‍ ഡിഐഎച്ചിനോട്,തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും എംഎല്‍എ.